ന്യൂദല്‍ഹി- നിയമപ്രകാരം വിവാഹിതരാവാത്ത പങ്കാളിക്കും ഗാര്‍ഹിക പീഡന നിയമത്തിലെ വ്യവസ്ഥ പ്രകാരം ജീവനാംശം തേടാന്‍ കഴിയുമെന്ന് സുപ്രീം കോടതി. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 2005ലെ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് നിയമപ്രകാരം വിവാഹിതരാവാതെ ലിവ് ഇന്‍ പാര്‍ട്ണറായി ജീവിച്ച പങ്കാളിക്കും ജീവനാംശം തേടാന്‍ സാധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, കെ.എം ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
നിയമ പ്രകാരം വിവാഹിതരാവാതെ ഒരുമിച്ച് താമസിച്ച യുവതിക്ക് ക്രിമിനല്‍ നടപടി ക്രമത്തിലെ (സി.ആര്‍.പി.സി) സെക്ഷന്‍ 125 പ്രകാരം ജീവനാംശം അനുവദിക്കാനാവില്ലെന്ന ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ലലിത ടോപ്പോ എന്ന യുവതി നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.