Sorry, you need to enable JavaScript to visit this website.

എൻ എസ് എസ് നിലപാടിൽ ചരിത്രപരമായ വൈരുധ്യമെന്ന് പുലയർ മഹാസഭ

കൊച്ചി- ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നായർ സർവീസ് സൊസൈറ്റി സ്വീകരിച്ചിരിക്കുന്ന നിലപാട് ചരിത്രപരമായ വൈരുധ്യമെന്ന് കെപിഎംഎസ്. മന്നത്ത് പത്മനാഭൻ അടക്കമുള്ളവർ നേടിത്തന്ന നവോത്ഥാന മൂല്യങ്ങളെ എതിർക്കാനാണ് എൻഎസ്എസ് സമരത്തിലൂടെ ശ്രമിക്കുന്നത്. അത് ചരിത്രത്തെ മനസ്സിലാക്കാതെയുള്ള പ്രതിഷേധമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ആരോപിച്ചു. 
വിധിയെ ചോദ്യം ചെയ്ത് ഹിന്ദു സമൂഹം ഒന്നായി തെരുവിലിറങ്ങിയിട്ടില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണ്. വിശ്വാസ സമരമായി അതിനെ കാണുന്നില്ല. അതേസമയം, കേരളത്തിന്റെ പൊതുമനസ് കോടതി വിധിയെ ഉൾക്കൊള്ളാൻ പര്യാപ്തമായിട്ടില്ലെന്നതും വസ്തുതതാണ്. നിലവിൽ കൂടുതൽ ചർച്ചകളാണ് ആവശ്യം. കെപിഎംഎസിന്റെ നേതൃത്വത്തിൽ അതിനുള്ള ശ്രമങ്ങൾ ആരംഭിക്കും. 
സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. പാർശ്വവൽകരിക്കപ്പെട്ട സ്ത്രീകൾക്ക് ഇതുവഴി നീതി ലഭിക്കും. സർക്കാർ പൊതു ഇടമെന്ന നിലയിൽ ശബരിമലയിൽ ആർക്കും പോകാമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീ പ്രവേശനത്തിനെ കെപിഎംഎസ് എതിർക്കുന്നില്ല. വിധി രാജ്യത്തിന്റെ നിയമമാണ്. അത് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. വിധിയെ സ്വാഗതം ചെയ്യുന്നെന്ന അഭിപ്രായത്തെ കെപിഎംഎസ് സർക്കാർ നയത്തെ അനുകൂലിക്കുകയാണെന്ന തരത്തിൽ വ്യാഖാനിക്കപ്പെടേണ്ടെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.
അയ്യൻകാളി നയിച്ച വില്ലുവണ്ടി യാത്രാ വിപ്ലവത്തിന്റെ 125 ാം വാർഷികാഘോഷം 'സ്മൃതിപഥം' കെപിഎംഎസിന്റെ നേതൃത്വത്തിൽ അഞ്ചിന് താലൂക്ക് യൂനിയനുകളിലെ നൂറ് കേന്ദ്രങ്ങളിൽ നടക്കുമെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുക, ജീർണതയെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖർ, തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും. ഘോഷയാത്രയിൽ ഉടനീളം വീണ്ടും വില്ലുവണ്ടി അവതരിപ്പിക്കും. കലാപരിപാടികളും വിവിധ രംഗത്ത് പ്രതിഭ തെളിയിച്ചവരെ ആദരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് വി ശ്രീധരൻ, സെക്രട്ടറിയേറ്റ് മെമ്പർ രമേഷ് മണി വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

Latest News