തിരുവനന്തപുരം- ശ്രീകാര്യം മൺവിളയിലെ വ്യവസായ എസ്റ്റേറ്റിനുള്ളിലെ ഫാമിലി പ്ലാസ്റ്റിക്‌സ് നിർമാണ യൂണിറ്റിലുണ്ടായ തീപ്പിടിത്തത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
വൻ സുരക്ഷാ വീഴ്ചയുണ്ടായതായാണ് അധികൃതരുടെ വിലയിരുത്തൽ. തീപ്പിടിത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ പറഞ്ഞു. അട്ടിമറി സംശയത്തെ തുടർന്ന് അഗ്നിസുരക്ഷാ സേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി.സി.പി. ആർ ആദിത്യയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. കഴക്കൂട്ടം സൈബർ സിറ്റി അസി. കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥൻ. ഫോറൻസിക് വിദഗ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡി.ജി.പി അറിയിച്ചു. അഗ്നിശമന സേനയുടെ ടെക്‌നിക്കൽ വിഭഗം ഡയറക്ടർ പ്രസാദിനാണ് അഗ്നിശമന സേനാ മേധാവി എ. ഹേമചന്ദ്രൻ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. 500 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. തീപ്പിടിത്തത്തിൽ ആളപായമില്ലെങ്കിലും നാലും രണ്ടും നില വീതമുള്ള രണ്ട് കെട്ടിടങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപകരണങ്ങളും പൂർണമായും കത്തിയമർന്നു. തീപ്പിടിത്തത്തോടൊപ്പം കെട്ടിടത്തിനുള്ളിൽ നിന്ന് പൊട്ടിത്തെറികളും ഉണ്ടായി. ബുധനാഴ്ച രാത്രി തുടങ്ങിയ തീപിടുത്തം 12 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് നിയന്ത്രണ വിധേയമായത്. ഷോർട്ട് സർക്യൂട്ടാണ് കാരണ മെന്നാണ് പ്രാഥമിക നിഗമനം.
സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചയാണ് അഗ്നിബാധക്ക് പിന്നിലെന്നാണു വിലയിരുത്ത ൽ. ഫാക്ടറിയിലെ അഗ്നി സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ചയുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തി. സാധാരണയുള്ള ഫയർ എക്സ്റ്റിഗുഷറുകൾ മാത്രമാണ് കമ്പനിയിലുണ്ടായിരുന്നത്. ഇത്തരം കമ്പനികൾക്ക് വേണ്ട മറ്റു സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയിരുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള അഗ്‌നിശമന സംവിധാനങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷം മുമ്പ് ഫാക്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് പാലിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. തുടർ പരിശോധന നടത്തി നടപടി സ്വീകരിക്കുന്നതിൽ അധികൃതർക്കും വീഴ്ചയുണ്ടായെന്നും വിലയിരുത്തലുണ്ട്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിർമാണ യൂണിറ്റും ഗോഡൗണും ഒരിടത്തു തന്നെ പ്രവർത്തിച്ചതാണ് അഗ്നിബാധ ഗുരുതരമാവാൻ കാരണം. മുന്നറിയിപ്പ് ലംഘിച്ച് ഫാക്റ്ററിക്കുള്ളിൽ ഡീസലും പ്ലാസ്റ്റിക് ഉൽപന്നങ്ങളും സൂക്ഷിച്ചിരുന്നു. രണ്ടു ദിവസം മുമ്പുണ്ടായ തീപ്പിടിത്തം ഗൗരവമായി കണക്കാക്കിയില്ല. അതിനു ശേഷവും അഗ്‌നിശമന സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ല. ഇതിനെല്ലാം പുറമെ വിവരം ഫയർ ഫോഴ്‌സിനെ അറിയിക്കാനും വൈകിയതായും ആ ക്ഷേപമുണ്ട്.
മൺവിള വ്യവസായ പാർക്കിനടുത്താണ് ഫാമിലി പ്ലാസ്റ്റിക് നിർമാണ് യൂണിറ്റ്. ഇതിനു തൊട്ടടുത്തുള്ള കഴക്കൂട്ടം ഫയർ യൂനിറ്റിൽ വിവരം അറിയിച്ചത് വൈകിയാണ്. ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. ഇന്നലെ രാത്രി 6.30 ഓടെയാണ് അഗ്‌നിബാധ ഉണ്ടായത്. 7.45 ഓടെയാണ് ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയത്. തീ അണഞ്ഞ ശേഷം ഫാക്ടറിയിൽ ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
ഇത്തരം അന്വേഷണത്തിൽ വിദഗ്ധരായ കേരളത്തിന് പുറത്തുള്ള ഏജൻസികളുടെ സഹായത്തോടുകൂടി വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്‌സ് മേധാവി അറിയിച്ചിട്ടുണ്ട്. അതേസമയം അടുത്തടുത്ത ദിവസങ്ങളിൽ ദുരൂഹമാണെന്നാണ് കമ്പനി പ്രതിനിധികൾ പറയുന്നത്. സാധാരണ ഗതിയിൽ തൊഴിലാളികളുടെ സാന്നിധ്യം ഉണ്ടാകാത്ത ഗോഡൗണിലാണ് അടുത്തടുത്ത ദിവസങ്ങളിൽ തീപ്പിടിത്തം ഉണ്ടായത്. സമഗ്ര അന്വേഷണം തന്നെ വേണമെന്ന് കമ്പനി പ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. അപകട സ്ഥലം വ്യവസായ മന്ത്രി ഇ.പി ജയരാജൻ സന്ദർശിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.