Sorry, you need to enable JavaScript to visit this website.

'ഇത് പക്ഷി കാഷ്ഠമോ?' പട്ടേല്‍ പ്രതിമയ്ക്കരില്‍ നില്‍ക്കുന്ന മോഡിയെ ട്രോളിയത് വിവാദമായി

ന്യൂദല്‍ഹി- കഴി്ഞ്ഞ ദിവസം ഗുജറാത്തില്‍ അനാവരണം ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വലിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്മാരകത്തിനു സമീപം പ്രധാനമന്ത്രി നരേന്ദ്ര മോഡി നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ ട്രോളായി മാറി. കൂറ്റന്‍ പ്രതിമയുടെ കറുത്ത ഭീമന്‍ കാലുകള്‍ക്കു സമീപം വെളുത്ത വസ്ത്രമണിഞ്ഞ് മോഡി നില്‍ക്കുന്ന ചിത്രം ചിരിപടര്‍ത്തി ഒടുവില്‍ വിവാദമായി. ചിത്രത്തില്‍ മോഡി വളരെ ചെറുതായാണ് കാണപ്പെട്ടത്. വാർത്താ ഏജന്‍സികള്‍ പുറത്തു വിട്ട ഈ ചിത്രമെടുത്ത് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗം മേധാവിയായ ദിവ്യ സ്പന്ദന ട്രോള്‍ ആക്കിയതോടെ പ്രതിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തി. ചിത്രത്തില്‍ വെള്ള പൊട്ടു പോലെ തോന്നിപ്പിക്കുന്ന മോഡിയെ സൂചിപ്പിച്ച് ഇതു പക്ഷി കാഷ്ഠമാണോ എന്ന സംശയമാണ് ട്വിറ്ററില്‍ ദിവ്യ തമാശയായി ചോദിച്ചത്. 

ഇത് ധിക്കാരത്തിന്റെ ഭാഷയാണെന്നും കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സംസ്‌ക്കാരമാണെന്നും ബി.ജെ.പി പ്രതികരിച്ചു. പ്രധാനമന്ത്രിയെ അവഹേളിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും അവര്‍ പാഴാക്കാറില്ല. പ്രധാനമന്ത്രിയെ നീചനെന്നു വിളിച്ച പാർട്ടിയാണ്. ശശി തരൂര്‍ മോഡിയെ തേള്‍ എന്നു വിളിച്ചു. ഇപ്പോഴിതാ ദിവ്യ സ്പന്ദന പക്ഷി കാഷ്ഠമാക്കിയിരിക്കുന്നു- ബി.ജെ.പി വക്താവ് സാംബിത് പത്ര പറഞ്ഞു. സംഘപരിവാര്‍ അനൂകൂല ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ നിന്നും ദിവ്യയ്ക്കും കോണ്‍ഗ്രസിനും കണക്കിനു കിട്ടി. 

ഒടുവില്‍ ബി.ജെ.പിക്ക് മറുപടിയുമായി ദിവ്യ തന്നെ നേരിട്ടെത്തി. ചീത്ത വിളി എല്ലാം കഴിഞ്ഞാല്‍ ശ്വാസമയച്ച ശേഷം ഒരു കണ്ണാടിയെടുത്ത് മുഖത്തിനു നേരെ തിരിച്ചുപിടിക്കൂ. ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. നിങ്ങളുടെ അഭിപ്രായത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല. ഞാന്‍ എന്താണോ ഉദ്ദേശിച്ചത് അതിനെ കുറിച്ച് കൂടുതല്‍ വിശദീകരണവും നല്‍കുന്നില്ല. അത് നിങ്ങള്‍ അര്‍ഹിക്കുന്നുമില്ല- മറ്റൊരു ട്വീറ്റിലൂടെ ദിവ്യ തിരിച്ചടിച്ചു.

Latest News