ജക്കാര്‍ത്ത- 189 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ തീരത്ത് കടലില്‍ തകര്‍ന്നു വീണ് കാണാതായ ലയര്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കടലിന്റെ അടിത്തട്ടില്‍ നിന്നും കണ്ടെടുത്തു. അപകടം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ അടങ്ങിയ വിമാനത്തിന്റെ ഭാഗമാണ് ഓറഞ്ച് നിറത്തിലുള്ള ബ്ലാക്ക് ബോക്‌സ് എന്നറിയപ്പെടുന്ന ചെറുപെട്ടി. വിമാനം വീണു മുങ്ങിയ മേഖലയില്‍ നങ്കൂരമിട്ട് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട കപ്പലിലെ മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സ് പുറത്തെടുത്തത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റിനു ശേഷമാണ് വിമാനം കടലില്‍ തകര്‍ന്നു വീണത്. പൈലറ്റുമാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന 189 പേരെ കുറിച്ചും ഒരു വിവരവുമില്ല. എല്ലാവരും മരിച്ചെന്ന നിഗമനത്തിലാണ് അധികൃതര്‍. ബ്ലാക്ക് ബോക്‌സ് തുറന്ന് വിവരങ്ങള്‍ പരിശോധിക്കുന്നതോടെ അപകട കാരണം വ്യക്തമാകും
ബ്ലാക്ക് ബോക്‌സില്‍ നിന്നുള്ള തരംഗങ്ങളെ പിന്തുടര്‍ന്ന് മുങ്ങിത്തപ്പിയ വിദഗ്ധര്‍ കടലിന്റെ അടിത്തട്ടില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഇതു കണ്ടെടുത്തത്. ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ എന്നീ രണ്ടു ഉപകരണങ്ങള്‍ ചേര്‍ന്നതാണ് ബ്ലാക്ക് ബോക്‌സ്. വിമാനത്തിന് എന്തു സംഭവിച്ചു, പൈലറ്റുമാരുടെ സംഭാഷണം അടക്കം എല്ലാ വിവരങ്ങളും ഇതു ശേഖരിക്കും. ഏതു ദുരന്തത്തേയും അതിജീവിക്കുന്ന തരത്തിലാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്. വിമാനം തര്‍ന്നാല്‍ ഈ പെട്ടിയില്‍ നിന്നും ചെറിയ മൂളല്‍ പുറത്തു വരും. ഇതു പിന്തുടര്‍ന്നാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തല്‍.
കടലില്‍ തിരച്ചില്‍ നടത്തിവരുന്ന സംഘത്തിന് ഇതുവരെ ഒരു മൃതദേഹവും കണ്ടെത്താനായിട്ടില്ല. ചെറിയ വിമാന ഭാഗങ്ങളും അവശിഷ്ടങ്ങളും മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ബോയിങ്ങിന്റെ 737 മാക്‌സ് 8 എന്ന പുതിയ വിമാനമാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.