Sorry, you need to enable JavaScript to visit this website.

പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ്; ഇന്ത്യക്ക് കടുത്ത പ്രതിഷേധം

ന്യുദല്‍ഹി- പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്ന് പാക് അധീന കശ്മീരിലൂടെ ചൈനയിലെ കശ്ഗറിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നതില്‍ ഇന്ത്യ പാക്കിസ്ഥാനേയും ചൈനയേയും കടുത്ത പ്രതിഷേധം അറിയിച്ചു. ചൈനയുടെ പടിഞ്ഞാറെ അറ്റത്തെ സ്വയംഭരണ മേഖലയായ ഷിന്‍ജിയാങ് ഉയ്ഗൂറിലെ നഗരമാണ് കശ്ഗര്‍. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ലാഹോര്‍-കശഗര്‍ ബസ് ശനിയായ ഓട്ടം ആരംഭിക്കാനിരിക്കെയാണ് ഇന്ത്യ പ്രതിഷേധിച്ചത്. ഇരു രാജ്യങ്ങളേയും ബുധനാഴ്ച പ്രതിഷേധം അറിയിച്ചെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പാക്ക് അധീന കശമിരിലൂടെ കടന്നു പോകുന്നതിനാല്‍ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയോട് ഇന്ത്യയ്ക്ക എതിര്‍പ്പുണ്ട്. ജമ്മു കശ്മീരിന്റെ ഭാഗമായാണ് പാക്ക് അധീന കശ്മീരിനെ ഇന്ത്യ കണക്കാക്കുന്നത്. 1963ലെ ചൈന-പാക്കിസ്ഥാന്‍ അതിര്‍ത്തി കരാര്‍ നിയമവിരുദ്ധവും അപ്രസക്തവുമാണെന്നും ഇത് ഒട്ടും അംഗീകരിക്കില്ലെന്നുമാണ് ഇന്ത്യയുടെ ശക്തമായ നിലപാട്. ഇങ്ങനെയിരിക്കെ പാക്ക് അധീന കശ്മരീലൂടെ ബസ് സര്‍വീസ് നടത്തുന്നത് ഇന്ത്യയുടെ പരമാധികാരത്തേയും അതിര്‍ത്തിയേയും ലംഘിക്കുന്നതാണെന്നും വക്താവ് വ്യക്തമാക്കി.

പാക്കിസ്ഥാനും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്നില്ല. പാക്ക് അധീന കശ്മീര്‍ വഴി മാത്രമാണ് ചൈനയുമായി പാക്കിസ്ഥാന് ബന്ധമുള്ളത്. ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഇവിടെ അതിര്‍ത്തി പങ്കിടുന്നത്. എന്നാല്‍ കശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ അധീനപ്പെടുത്തിയതോടെ ഈ ബന്ധം മുറിഞ്ഞു.
 

Latest News