ന്യൂദൽഹി- ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ കക്ഷികളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് ദൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തും. രാഹുലിന് പുറമെ മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളെയും നായിഡു സന്ദർശിക്കും. അടുത്ത ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ കോൺഗ്രസും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും യോജിച്ചാണ് മത്സരിക്കുന്നത്. ഇരുപാർട്ടികളിലെയും സംസ്ഥാന നേതാക്കളാണ് ചർച്ചക്ക് നേതൃത്വം നൽകുന്നത്. ഇതോടെ കർണാടകക്ക് പുറമെ, കോൺഗ്രസ് സഖ്യത്തിലേർപ്പെടുന്ന പ്രധാന സംസ്ഥാനങ്ങളിലൊന്നായി തെലങ്കാനയും മാറി. ഈവർഷം കർണാടകയിൽ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ജനതാദൾ സെക്കുലറുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. തെലങ്കാനയിൽ മറ്റ് ചെറുകിട പാർട്ടികളുമായും കോൺഗ്രസ് സഖ്യത്തിലാണ്. സി.പി.ഐയുമായി കോൺഗ്രസ് സഖ്യത്തിലായി. അതേസമയം സീറ്റ് പങ്കുവെക്കൽ സഖ്യത്തിന് തടസം സൃഷ്ടിക്കുന്നു. ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് ചന്ദ്രബാബു നായിഡു എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചത്.