Sorry, you need to enable JavaScript to visit this website.

നിതീഷിനു 'മതിയായി', താമസിയാതെ മുഖ്യമന്ത്രി പദവി വിടുമെന്ന് കേന്ദ്ര മന്ത്രി

പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് അധികാരം മതിയായെന്നും ഉടന്‍ പദവി വിടാന്‍ ആഗ്രഹിക്കുന്നുവെന്നും കേന്ദ്ര മന്ത്രിയും നിതീഷിന്റെ സഖ്യകക്ഷി നേതാവുമായ ഉപേന്ദ്ര കുശ്‌വാഹ. അധികാരത്തില്‍ നീതീഷ് വേണ്ടുവോളം ഇരുന്നു. ഇനി ഇറങ്ങാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ താന്‍ പറഞ്ഞത് 67-കാരനായ നീതീഷിന്റെ രാജിക്കു വേണ്ടിയല്ലെന്നും മന്ത്രി കുശ്‌വാഹ പറഞ്ഞു. അദ്ദേഹത്തിന്റെ ആഗ്രഹത്തിനെതിരെ നിര്‍ബന്ധം ചെലുത്താന്‍ ആര്‍ക്കുമാവില്ല. തനിക്കറിയുന്ന പോലെ നിതീഷിനെ മറ്റാര്‍ക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തില്‍ നിതീഷ് 15 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിഹാറില്‍ നിതീഷിനൊപ്പം ബി.ജെ.പി സഖ്യത്തിലുള്ള രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) നേതാവാണ് കുശ്‌വാഹ.

ആര്‍.എല്‍.എസ്.പി യുവജന വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി കുശ്‌വാഹ. നിതീഷ് കുമാറോ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആര്‍.ജെ.ഡിയോ കുശ്‌വാഹയുടെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.

എന്‍.ഡി.എ സഖ്യമാണെങ്കിലും കുശ്‌വാഹയ്ക്ക് നിതീഷുമായി മുറുമുറുപ്പുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സീറ്റു വിതരണത്തില്‍ സഖ്യത്തിലെ ചെറുകക്ഷികളെ അവഗണിച്ച് ജെ.ഡി.യുവും ബി.ജെ.പിയും സീറ്റ് പങ്കിട്ടെടുക്കുന്നതിലുള്ള അതൃപ്തിയാണു കാരണം. അടുത്ത തവണ ബി.ജെ.പിക്ക് കേന്ദ്രത്തില്‍ വീണ്ടും അധികാരം ലഭിച്ചാല്‍ നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയാകുന്നതില്‍ ബിഹാറിലെ ഒരു എന്‍.ഡി.എ നേതാവിന് താല്‍പര്യമില്ലെന്ന് ഈയിടെ കുശ്‌വാഹ പറഞ്ഞിരുന്നു. നീതീഷിനെ ഉദ്ദേശിച്ചാണ് ഇതെന്നായിരുന്നു വിലയിരുത്തല്‍. ബി.ജെ.പിയും ജെ.ഡി.യുവും ബിഹാറില്‍ സീറ്റ് തുല്യമായി പങ്കിടുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും നിതീഷും ഒരുമിച്ച് പ്രഖ്യാപിച്ചതിനു പിന്നാലെ കുശ്‌വാഹ നിതീഷിന്റെ എതിരാളി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദിന്റെ മകനും  പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.
 

Latest News