ന്യൂദല്‍ഹി- ചുവപ്പു നാടകള്‍ ഒഴിവാക്കിയും തടസ്സങ്ങള്‍ നീക്കിയും വ്യാപാരം സുഗമമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നു. ആഗോള തലത്തില്‍ ഇന്ത്യ 77-ാമത് സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. നിര്‍മാണ അനുമതികള്‍ ലഭിക്കുന്നതിനുള്ള ചുവപ്പ് നാടകള്‍ ഒഴിവാക്കിയതും രാജ്യത്തിന്റെ അതിര്‍ത്തികളിലേക്ക് ചരക്കു കടത്ത് എളുപ്പമാക്കിയതുമാണ് 23 സ്ഥാനങ്ങള്‍ ചാടിക്കടന്ന് ഈ നിലയിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്.
ലോകബാങ്ക് തയാറാക്കിയ 190 രാജ്യങ്ങളുടെ പട്ടികയില്‍ ഈ വര്‍ഷം ഇന്ത്യയാണ് ഏറ്റവും വലിയ നേട്ടം കൊയ്തത്. ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈനയും സമാന നേട്ടം കരസ്ഥമാക്കി. ഈ രാജ്യങ്ങളില്‍ 78-ാം സ്ഥാനത്തുണ്ടായിരുന്ന ചൈന 46-ാം സ്ഥാനത്തെത്തി. ദക്ഷിണേഷ്യയില്‍ വ്യാപാരത്തിലേര്‍പ്പെടാന്‍ ചുവപ്പു നാടകളില്ലാത്ത രാജ്യമായി മാറിയിരിക്കയാണ് ഇന്ത്യ.
കഴിഞ്ഞ വര്‍ഷം കൈവരിച്ച പുരോഗതി കൂടി കണക്കിലെടുത്താല്‍ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യ 53 സ്ഥാനങ്ങളാണ് ചാടിക്കടന്നത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മൊത്തത്തില്‍ നോക്കുമ്പോള്‍ 65 സ്ഥാനങ്ങളാണ് ഇന്ത്യ മറികടന്നത്. വര്‍ധിച്ചു കൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ട് കമ്മിയുടെ പേരിലും ദുര്‍ബലമായ കറന്‍സിയുടെ പേരിലും സാമ്പത്തിക മേഖലയില്‍ രൂക്ഷ വിമര്‍ശം നേരിടുന്ന നരേന്ദ്ര മോഡി സര്‍ക്കാരിന് ആശ്വാസം നല്‍കുന്നതാണ് ലോകബാങ്ക് റിപ്പോര്‍ട്ട്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമാണ് കറന്റ് അക്കൗണ്ട് കമ്മി. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞതും പ്രവാസികള്‍ അയക്കുന്ന പണം കുറഞ്ഞതുമാണ് രൂപയെ ദുര്‍ബലമാക്കിയത്.
വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ സുപ്രധാനമാണ് ബിസിനസ് എളുപ്പമാണോ എന്ന കാര്യത്തില്‍ ലോകബാങ്ക് നല്‍കുന്ന സൂചിക. ഫാക്ടറി നിര്‍മിക്കുന്നതിനും മുതല്‍ മുടക്കുന്നതിനും നിക്ഷേപകര്‍ പരിഗണിക്കുന്ന പല കാര്യങ്ങളില്‍ ഒന്നാണിത്.