മുംബൈ- മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1994 ല്‍ സുപ്രീം കോടതിയില്‍ നല്‍കിയ വാഗ്ദാനം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് ആര്‍.എസ്.എസ്. ബാബ്‌രി മസ്ജിദ് നിര്‍മിക്കുന്നതിനു മുമ്പ് അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് എന്തെങ്കിലും തെളിവു ലഭിച്ചാല്‍ ഹിന്ദു സമുദായത്തെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് ആര്‍.എസ.്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന വിഷയം ഹിന്ദു-മുസ്‌ലിം സമുദായങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
താനെയില്‍ ആര്‍.എസ്.എസിന്റെ അഖില ഭാരതീയ കാര്യകര്‍ണി മണ്ഡലില്‍ സംസാരിക്കുകയായിരുന്നു വൈദ്യ. ബാബ്‌രി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണയില്‍ വരാനിരിക്കെ ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ പ്രസ്താവനകള്‍ വര്‍ധിപ്പിച്ചിരിക്കയാണ്.
സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓഡിനന്‍സ് കൊണ്ടുവരണമെന്നും വൈദ്യ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണം രാജ്യാഭിമാനത്തിന്റെ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രത്തിനായി നിയമ നിര്‍മാണം നടത്തണമെന്ന് നേരത്തേ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യമുന്നയിച്ചിരുന്നു. ഒക്ടോബര്‍ 18ന് നാഗ്പൂരില്‍ ദസറ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഭാഗവത് ഇക്കാര്യം ആവശ്യപ്പെട്ടത്. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഇതേ ആവശ്യവുമായി രംഗത്തു വന്നിരുന്നു.
കേസില്‍ വാദം കേള്‍ക്കുന്ന തീയതി ജനുവരി ആദ്യം തീരുമാനിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആസന്നമായ തെരഞ്ഞെടുപ്പുകളില്‍ വോട്ട് തട്ടുന്നതിനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഇപ്പോള്‍ ബാബ്‌രി വിവാദം സജീവമാക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നാലു വര്‍ഷമുണ്ടായിട്ടും എന്തുകൊണ്ട് നിയമ നിര്‍മാണത്തിനു മുതിര്‍ന്നില്ലെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.