കോഴിക്കോട്- ശബരിമലയിലെ യുവതി പ്രവേശത്തെ ചൊല്ലിയുള്ള സംഘർഷാവസ്ഥ ശബരിമല തീർഥാടന യാത്ര സംഘടിപ്പിക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് വിനയാകുന്നു.
ശബരിമലയിൽ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്താറുള്ളത് മണ്ഡല കാലത്താണ്. എന്നാൽ അയ്യപ്പ സന്നിധിയിൽ യുവതി പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കുന്നതിനോടനുബന്ധിച്ചുണ്ടായ സംഘ്പരിവാർ സംഘടനകളടക്കമുള്ളവരുടെ പ്രതിഷേധ പരിപാടികൾ കാരണം ശബരിമലയിൽ സംഘർഷഭരിതമാകുമെന്ന ഭക്തരുടെ ആശങ്കയാണ് ടൂർ ഓപറേറ്റർമാരെ പ്രതികൂലമായി ബാധിച്ചത്.
മലയാള മാസം വൃച്ഛികം ഒന്നിന് മണ്ഡലമാസ പൂജകൾക്കായി നട തുറക്കുമ്പോൾ ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ശബരിമലയിലെത്താറുണ്ട്. ഇവരെ കൊണ്ടുവരാനായി പ്രമുഖ ഓപ്പറേറ്റർമാരുടേതായി നൂറു കണക്കിന് ബസ്സുകൾ ഈ സീസണിൽ ശബരിമലയിലേക്ക് തീർഥാടകരെയുമായി എത്താറുമുണ്ട്. എന്നാൽ ഇത്തവണ ട്രാവൽ ഓപ്പറേറ്റർമാർ മുഖേനെ വിരലിലെണ്ണാവുന്ന ബസ്സുകൾ മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്. മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് തന്നെ നൂറോളം ബസ്സുകളുടെ ബുക്കിംഗ് പൂർത്തിയാകുന്നിടത്ത് വിരലിലെണ്ണാവുന്ന ബസ്സുളിൽ മാത്രമേ തീർത്ഥാടകർ എത്തിയിട്ടുള്ളൂ.
41 ദിവസത്തെ മണ്ഡല പൂജാ കാലത്ത് പ്രതിദിനം ആയിരത്തഞ്ഞൂറോളം തീർത്ഥാടകരെ കൊണ്ടുപോകാറുള്ള, കോഴിക്കോട് വിവേകാനന്ദ ട്രാവൽസിൽ മണ്ഡലകാലം അടുത്തെത്തിയിട്ടും ആകെ നൂറിലേറെ പേർ മാത്രമേ യാത്രക്ക് ബുക്ക് ചെയ്തിട്ടുള്ളൂവെന്ന് വിവേകാന്ദ ട്രാവൽസ് അധികൃതർ പറഞ്ഞു. 41 ദിവസത്തെ വ്രതത്തിനു ശേഷം മലകയറാൻ പോകുന്ന തീർത്ഥാടകർ ഇതിനകം ഒരുക്കങ്ങൾ നടത്തിയിരിക്കും. മണ്ഡലകാല പൂജക്കായി നട തുറക്കുമ്പോൾ ഉണ്ടാകാവുന്ന സംഘർഷാവസ്ഥയെ കുറിച്ചുള്ള ആശങ്കയാണ് തീർത്ഥാടകരെ പിന്നോട്ടുവലിക്കുന്നതെന്ന് വിവേകാനന്ദ ട്രാവൽസ് എം ഡി നരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യം ട്രാവൽ ഓപ്പറേറ്റർമാർക്കു പുറമെ ഹോട്ടലുകൾ, ഇരുമുടി സഞ്ചി നിർമാതാക്കൾ, തേങ്ങ വില്പനക്കാർ, ചെറുകിട കച്ചവടക്കാർ തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന നിരവധി തൊഴിൽ മേഖലകളെയും ഗുരുതരമായി ബാധിക്കും.