Sorry, you need to enable JavaScript to visit this website.

എ.ടി.എമ്മുകളില്‍ നിറക്കാനുള്ള ലക്ഷങ്ങളുമായി ഡ്രൈവര്‍ മുങ്ങി

റിയാദ്- ടെല്ലർ മെഷീനുകളിൽ നിക്ഷേപിക്കുന്നതിനുള്ള പണവുമായി കവചിത വാഹനത്തിന്റെ ഡ്രൈവർ കടന്നുകളഞ്ഞു. എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന്റെയും ബാങ്കുകളിൽ നിന്ന് പണം നീക്കം ചെയ്യുന്നതിന്റെയും കരാറേറ്റെടുത്ത സ്വകാര്യ സെക്യൂരിറ്റി കമ്പനിക്കു കീഴിലെ ജീവനക്കാരനാണ് രക്ഷപ്പെട്ടത്. സഹപ്രവർത്തകരുടെ കണ്ണു വെട്ടിച്ച്, പണം സൂക്ഷിച്ച കവിചത വാഹനവുമായി ഡ്രൈവർ കടന്നുകളയുകയായിരുന്നു. 
റിയാദ് സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ എ.ടി.എമ്മിൽ പണം നിറച്ചു കഴിഞ്ഞ ശേഷമാണ് സഹപ്രവർത്തകരെ കബളിപ്പിച്ച് ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞത്. ഒപ്പമുണ്ടായിരുന്ന രണ്ടു സെക്യൂരിറ്റി ജീവനക്കാരെ ഡ്രൈവർ തന്ത്രപൂർവം വാഹനത്തിൽ നിന്ന് പുറത്തിറക്കുകയായിരുന്നു. മിനിമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിവരുന്നതിന് ഇരുവരോടും ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സെക്യൂരിറ്റി ജീവനക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങി മിനിമാർക്കറ്റിലേക്ക് കയറിപ്പോയതോടെ ഡ്രൈവർ വൻ തുക സൂക്ഷിച്ച വാഹനവുമായി രക്ഷപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ സംഭവത്തെ കുറിച്ച് കമ്പനിയധികൃതരെയും ബാങ്ക് അധികൃതരെയും വിവരമറിയിച്ചു. ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം തുടരുകയാണ്. 
 

Latest News