ന്യുദല്‍ഹി- ഉത്തര്‍ പ്രദേശിലെ മീറത്ത് പട്ടണത്തോട് ചേര്‍ന്നുള്ള ഹാശിംപുരയില്‍ 1987ല്‍ മുസ്ലിംകളെ ഉന്നമിട്ട് പോലീസ് നടത്തിയ കൂട്ടക്കൊലയില്‍ 16 പോലീസുകാരെ ശിക്ഷിച്ച വിചാരണ കോടതി വിധി ഹൈക്കോടതി ശരിവച്ചു. പ്രതികള്‍ കുറ്റക്കാരാണെന്നും ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കണമെന്നും ഹൈക്കോടതി വിധിച്ചു. നിരായുധരും നിസ്സഹായരുമായ ആളുകളെ ഉന്നമിട്ട് പോലീസ് നടത്തിയ കൂട്ടക്കൊലയാണിതെന്നും ഇവരുടെ ബന്ധുക്കള്‍ക്ക് നീതി ലഭിക്കാന്‍ 31 വര്‍ഷം കാത്തിരിക്കേണ്ടി വന്നുവെന്നും ജസ്റ്റിസുമാരായ എസ്. മുരളിധര്‍, വിനോദ് ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഉത്തര്‍ പ്രദേശ് പോലീസിന്റെ ഭാഗമായ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി.എ.സി) എന്ന പ്രത്യേക സായുധ സേനയില്‍പ്പെട്ട 16 പോലീസുകാരാണ് ശിക്ഷിക്കപ്പെട്ട പ്രതികള്‍. ഇവരെ വിചാരണ കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ 2015 മാര്‍ച്ചില്‍ വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ഉത്തര്‍ പ്രദേശ് സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് 2002ലാണ് സുപ്രീം കോടതി കേസ് വിചാരണ ദല്‍ഹിയിലേക്കു മാറ്റിയത്. ഇതിലിടപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൂട്ടക്കൊല പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രതികളായ സുരേഷ് ചന്ദ് ശര്‍മ, നിരജ്ഞന്‍ലാല്‍, കമല്‍ സിങ്, ബുധി സിങ്, ബസന്ത് ബല്ലബ്, കന്‍വര്‍ പാല്‍ സിങ്, ബുദ്ധ സിങ്, രംബീര്‍ സിങ്, ലീല ധര്‍, ഹംബീര്‍ സിങ്, മൊഖം സിങ്, ഷാമി ഉല്ലാഹ, സര്‍വന്‍ കുമാര്‍, ജയ്പാല്‍ സിങ്, മഹേഷ് പ്രസാദ്, രാം ധയാന്‍ എന്നീ ജവാന്‍മാരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
1987 മേയ് 22-ന് മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാശിംപുരയിലെത്തിയ ഈ ജവാന്‍മാര്‍ പള്ളിക്കു സമീപം തടിച്ചു കൂടി നൂറുകണക്കിന് മുസ്ലികളുടെ കൂട്ടത്തില്‍ നിന്ന് അന്‍പതോളം പേരെ പിടികൂടുകയും വെടിവച്ച് കൂട്ടക്കൊല നടത്തുകയുമായിരുന്നു. ശേഷം മൃതദേഹങ്ങള്‍ കനാലില്‍ എറിഞ്ഞു. ഇവരില്‍ 42 പേര്‍ മരിച്ചതായി പിന്നീട് സ്ഥിരീകരിച്ചു. 1996ല്‍ ഗാസിയാബാദ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസില്‍ ആദ്യമായി കുറ്റപത്രം സമര്‍പ്പിച്ചത്. 19 പ്രതികളുണ്ടായിരുന്നു. കേസ് പിന്നീട് സുപ്രീം കോടതി നിര്‍ദേശ പ്രകാരം ദല്‍ഹിയിലേക്കു മാറ്റപ്പെട്ടു. 2006ല്‍ ദല്‍ഹിയിലെ കോടതിയാണ് ഇവരില്‍ 17 പേര്‍ക്കെതിരെ കൊലപാതകം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയത്.