ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ മതനിന്ദാ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രൈസ്തവ വനിത ആസിയ ബിബിയെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. വധശക്ഷ ശരിവെച്ച ലാഹോര്‍ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് മിയാന്‍ സാഖിബ് നിസാറാണ് വിധി വായിച്ചത്.
51 കാരിയായ ആസിയ ബിബി നല്‍കിയ അപ്പീലില്‍ ഈ മാസം എട്ടിന് വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. ശൈഖുപുരയിലെ രണ്ട് മുസ്്‌ലിം സ്ത്രീകളുമായുണ്ടായ തര്‍ക്കത്തില്‍ മതനിന്ദ നടത്തിയെന്ന ആരോപണത്തിലാണ് 2010 ല്‍ ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. 2014 ല്‍ ലാഹോര്‍ ഹൈക്കോടതി ശരിവെച്ച ഉത്തരവ് 2015 ജൂലൈയില്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
കേസില്‍ പുനര്‍വിചാരണ വേണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസീര്‍ സ്വന്തം അംഗരക്ഷകനാല്‍ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് 2011 ജനുവരി മുതല്‍ ഈ കേസ് കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.
ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസ് ആസിഫ് സഈദ് ഖോസ, ജസ്റ്റിസ് മസ്ഹര്‍ ആലം മിയാന്‍ഖെല്‍ എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് അപ്പീലില്‍ വാദം കേട്ടത്.