ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഹംഗേറിയന്‍ സ്ഥാനപതിയുടെ ഭാര്യക്ക് മൊബൈല്‍ ഫോണ്‍ നഷ്ടമായി. കുവൈത്തി നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോണ്‍ മോഷണം പോയി ഒരു മാസമാകുമ്പോഴാണ് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വീണ്ടും മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സെക്രട്ടറിയേറ്റ് പോലീസ് സ്‌റ്റേഷന്‍ പരാതി ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ ഹാളില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണം.
ഹംഗേറിയന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിക്കാനാണ് അംബാസഡറുടെ ഭാര്യ ഹോട്ടലിലെത്തിയത്. ഫോണ്‍ മേശപ്പുറത്ത് വെച്ച് ബാത്ത് റൂമില്‍ പോയതായിരുന്നു അവര്‍. തിരിച്ചുവരുമ്പോഴേക്കും ഫോണില്ല.
കുവൈത്തി ഉദ്യോഗസ്ഥന്റെ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ സെപ്റ്റംബര്‍ 30 ന് വ്യവസായ വകുപ്പിലെ ഒരു ഗ്രേഡ് 20 ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. സിസിടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്നാണ് ഫോണ്‍ മോഷ്ടിച്ച ഉദ്യോഗസ്ഥന്‍ കുടുങ്ങിയത്. ഇയാള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.