കൽപറ്റ- പന്ത്രണ്ടു കോടി രൂപ ലോട്ടറിയടിച്ചെന്ന സാമൂഹിക മാധ്യമത്തിലെ വ്യാജ പ്രചാരണം കുടുംബത്തിനു വിനയായി. ദുബായ് ഡ്യൂട്ടി ഫ്രീ ബിഗ് റാഫിൾ ഡ്രോയിൽ 12 കോടി രൂപയ്ക്കു തുല്യമായ തുക ലഭിച്ചെന്ന കുപ്രചാരണമാണ് അമ്പലവയൽ കൊളഗപ്പാറ സ്വദേശി റഫീഖിന്റെ കുടുംബത്തിന് ബുദ്ധിമുട്ടായത്. വ്യാജ വാർത്തയെത്തുടർന്നു നിരവധിയാളുകളാണ് സഹായത്തിനും വായ്പക്കുമായി ദിവസവും റഫീഖിന്റെ വീട്ടിലെത്തുന്നത്. വിദേശത്തുള്ള റഫീഖിന്റെ ഭാര്യയും കുഞ്ഞും പ്രായമുള്ള മാതാവുമാണ് വീട്ടിൽ താമസം. ഒരു ന്യൂസ് പോർട്ടലിന്റെ വ്യാജ ലിങ്കോടു കൂടി പ്രചരിച്ച വ്യാജ വാർത്തക്കെതിരെ റഫീഖിന്റെ ഭാര്യ അമ്പലവയൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.