കൊല്ലം- ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച് കേരളത്തിലെത്തിയ പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അസുഖ ബാധിതയായ മാതാവിനെ കണ്ടു. കൊല്ലം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് മഅ്ദനി മാതാവിനെ കണ്ടത്. രാവിലെ പത്തരയോടെ ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മഅ്ദനിയെ കർശന സുരക്ഷയിലാണ് ശാസ്താംകോട്ടയിൽ എത്തിച്ചത്. മഅ്ദനിക്കൊപ്പം ഭാര്യ സൂഫിയ, മകൻ സലാഹുദ്ദീൻ അയ്യൂബി, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ സലിം ബാബു, നിയാസ് എന്നിവരുമുണ്ടായിരുന്നു.
അർബുദ രോഗബാധിതയായ അസ്മ ബീവി വെന്റിലേറ്ററിന്റെ സഹായത്തോടെ ശാസ്താംകോട്ടയിലെ ആശുപത്രിയിൽ കഴിയുകയാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാതാവിനെ കാണാൻ കോടതി മഅ്ദനിക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മഅ്ദനിയെ സ്വീകരിക്കാൻ പാർട്ടി പ്രവർത്തകർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മഅ്ദനിക്ക് പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തിയ കോടതി വിധിയിൽ പ്രതിഷേധിച്ച് വാ മൂടിക്കെട്ടിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. കർശന സുരക്ഷയിൽ റോഡ് മാർഗമാണ് മഅ്ദനി ശാസ്താംകോട്ടയിലെത്തിയത്.
ഉച്ചക്ക് ഒരു മണിയോടെ ആശുപത്രിയിലെത്തിയ മഅ്ദനി മാതാവിനെ കണ്ടു. ശേഷം മഅ്ദനി അൻവാർശ്ശേരിയിലെ വീട്ടിലേക്ക് പോയി. അടുത്ത ഞായറാഴ്ച വരെ കേരളത്തിൽ കഴിയാനാണ് കോടതി അനുമതി നൽകിയത്. നാലിന് വിമാന മാർഗം കർണാടകയിലേക്ക് മടങ്ങും.