കണ്ണൂർ- നിരപരാധിയായ പ്രവാസിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ചക്കരക്കൽ എസ്.ഐയെ സർവീസിൽനിന്നു നീക്കം ചെയ്യാതെ മുസ്ലിം ലീഗ് പിന്നോട്ടില്ലെന്ന് കെ.എം.ഷാജി എം.എൽ.എ. കതിരൂർ സ്വദേശി താജുദ്ദീനെ മാല മോഷണക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത് ജയിലിലടച്ച ചക്കരക്കൽ എസ്.ഐ ബിജുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാജി.
ചെയ്യാത്ത തെറ്റിനു പൊതു സമൂഹത്തിനു മുന്നിൽ അപമാനിതനായ പ്രവാസി ഇപ്പോഴും ജീവിച്ചിരിക്കുന്നത് മനസിന്റെ ധൈര്യം ഒന്നു കൊണ്ടു മാത്രമാണ്. താജുദ്ദീൻ കുറ്റക്കാരനല്ലെന്ന് മുതിർന്ന പല ഉദ്യോഗസ്ഥരേയും ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും എസ്.ഐക്ക് ഇത് ബോധ്യമായില്ല. അദ്ദേഹത്തിന്റെ ഈഗോയാണ് താജുദ്ദീനെ ജയിലിലടക്കാൻ കാരണം. സോഷ്യൽ മീഡിയയിലൂടെ ആളാകാൻ ശ്രമിക്കുന്ന ഈ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരിക്കാൻ പലരും ചരടു വലിക്കുന്നുണ്ട്. ഇത്തരം ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്കു തന്നെ നാണക്കേടാണ്. താജുദ്ദീനെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് ആവശ്യമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതു വരെ ലീഗ് മുന്നിലുണ്ടാവും. അതിനു നിയമത്തിന്റേതടക്കമുള്ള എല്ലാ വഴികളും തേടും -ഷാജി വ്യക്തമാക്കി.
പീഡനത്തിനിരയായ താജുദ്ദീൻ താനനുഭവിച്ച കാര്യങ്ങൾ പൊതുയോഗത്തിൽ തുറന്നു പറഞ്ഞു. താജുദ്ദീനെ കുറ്റവിമുക്തനാക്കാൻ എല്ലാ സഹായങ്ങളും നൽകിയ കൊണ്ടോട്ടി എം.എൽ.എ ടി.വി.ഇബ്രാഹിം സംസാരിച്ചു. വി.കെ.അബ്ദുൽ ഖാദർ മൗലവി, വി.പി.വമ്പൻ, അഡ്വ. പി.വി.സൈനുദ്ദീൻ, പി.കുഞ്ഞുമുഹമ്മദ്, അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സംബന്ധിച്ചു.