ആയുസ്സിന്റെ ബലം; സോണിയുടെ മരണം വഴിമാറാന്‍ കാരണം ഗതാഗത കുരുക്ക്

ജക്കാര്‍ത്ത- ആയുസ്സിന്റെ ദൈര്‍ഘ്യം സോണി സെറ്റിവാനെ തുണച്ചത് ഗതാഗത കുരുക്കിന്റെ രൂപത്തില്‍. കഴിഞ്ഞ ദിവസം ഇന്തോനേഷ്യയില്‍ കടലില്‍ വീണ വിമാനത്തില്‍ പോകണ്ട യാത്രക്കാരനായിരുന്നു അദ്ദേഹം. കൂട്ടുകാരില്‍ പലരും ഈ വിമാനത്തില്‍ കയറിയിരുന്നു.
കടലില്‍ തുടരുന്ന തിരച്ചില്‍ വിഫലമാണെന്ന വാര്‍ത്തകള്‍ വരുമ്പോള്‍ കരച്ചിലടക്കാനാവാതെ പ്രാര്‍ഥനയോടെ കഴിയുകയാണ് ഇന്തോനേഷ്യന്‍ ധനമന്ത്രലയത്തില്‍ ഉദ്യോഗസ്ഥനായ സോണി. ട്രാഫിക്ക് തിരക്കുകാരണം വൈകി എയര്‍പോര്‍ട്ടിലെത്തിയ സോണി മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷമാണ് വിമാന ദുരന്തത്തെ കുറിച്ച് അറിഞ്ഞത്.
കഴിഞ്ഞ ദിവസം പറന്നുയര്‍ന്നയുടന്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ ജെടി610  വിമാനത്തിലുണ്ടായിരുന്ന 189 പേരും മരിച്ചുവെന്നാണ് കരുതുന്നത്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് ടേക്ക് ഓഫ് ചെയ്ത് 13 മിനിറ്റിനുശേഷമാണ് ബോയിങ് 737 ജെറ്റിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടമായത്.
താനും സുഹൃത്തുക്കളും ഈ വിമാനമാണ് യാത്രക്ക് തെരഞ്ഞെടുക്കാറുള്ളതെന്നും യഥാസമയം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട തനിക്ക് എന്തുകൊണ്ടാണ് ടോള്‍ റോഡില്‍ ഇത്രമാത്രം തിരക്കുണ്ടായതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും സോണി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഈ വിമനത്തില്‍ പോകാന്‍ സാധാരണ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജക്കാര്‍ത്തയില്‍ എത്താറുള്ളത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ 6.20 നാണ് എയര്‍പോര്‍ട്ടിലെത്തിയത്. വിമാനം പോകുകയും ചെയ്തു- സോണി പറഞ്ഞു. വിമാന അപകടത്തെ കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു. എന്റെ പല സുഹൃത്തുക്കളും വിമാനത്തിലുണ്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാവ കടലില്‍ വീണ വിമാനത്തില്‍നിന്ന് ആരെങ്കിലും രക്ഷപ്പെട്ടതായി സൂചനയില്ല. വെള്ളത്തില്‍ ഒഴുകുന്ന നിലയില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതോടെ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടവരുടെ പ്രതീക്ഷകള്‍ അസ്തിമച്ചിരിക്കയാണ്. ആരെങ്കിലും രക്ഷപ്പെട്ടതായി കരുതുന്നില്ലെന്ന് ഇന്തോനേഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ രണ്ട് വിദേശികളും മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അപകടത്തിനു തൊട്ടുമുമ്പ് വിമാനത്തിലെ പൈലറ്റിനോട് തിരിച്ചിറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ജക്കാര്‍ത്തയില്‍നിന്ന് പങ്കല്‍ പിനാങ് പട്ടണത്തിലേക്ക് പേകുകയായിരുന്നു വിമാനം.
കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം സര്‍വീസ് തുടങ്ങിയ പുതിയ വിമാനത്തിന് ദുരന്തത്തിന് ഏതാനും ദിവസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയതായും പറയുന്നു. കടലില്‍ നൂറടി ആഴത്തിലേക്ക് വിമാനം കൂപ്പുകുത്തിയെന്നാണ് അപകടത്തിനു സാക്ഷ്യം വഹിച്ച ബോട്ടിലെ ജോലിക്കര്‍ പറഞ്ഞത്.
സ്മാര്‍ട്ട് ഫോണുകളുടെ ഭാഗങ്ങള്‍, പുസ്തകങ്ങള്‍, ഹെഡ്‌ഫോണുകള്‍, പഴ്‌സുകള്‍ തുടങ്ങി തിരച്ചില്‍ സംഘത്തിനു ലഭിച്ച സാധനങ്ങള്‍ ഇന്തോനഷ്യന്‍ ദുരന്ത സഹായ ഏജന്‍സി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

 

Latest News