കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് യാഥാർഥ്യമാവാൻ ഇനി നാലഞ്ച് ആഴ്ചകൾ മാത്രം. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഇറങ്ങിയതും മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതൊന്നുമല്ല കാര്യം. മലപ്പുറം കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള രണ്ട് ജില്ലകളുടെ (കണ്ണൂരും കാസർകോടും) സാമീപ്യം കണ്ണൂരിനുണ്ട്. ഇത് വഴി ഗൾഫ് രാജ്യങ്ങളിലേക്ക് ആവശ്യത്തിന് യാത്രക്കാരെ കിട്ടും. അതുക്കും മേലെയാണ് കിയാലിന്റെ സ്വപ്‌നങ്ങൾ. അമേരിക്കയിലും കാനഡയിലും യു.കെയിലും ഓസ്‌ട്രേലിയയിലുമുള്ള വടക്കൻ കേരളത്തിലേക്കുള്ള യാത്രക്കാർ ഇവിടേക്ക് പറന്നിറങ്ങുമെന്നാണ് പ്രതീക്ഷ.
കണ്ണൂർ ജില്ല കർണാടകയുമായി അതിര് പങ്കിടുന്ന പഞ്ചായത്തുകളിൽ ധാരാളം യു.എസ് പ്രവാസികളുണ്ടെന്നതാണ് വസ്തുത. കേരളത്തിലെ ഏറ്റവും വലിയ എയർപോർട്ടായ കണ്ണൂരിന് മത്സരിക്കാൻ ദക്ഷിണേന്ത്യയിൽ ചെന്നൈയും ഹൈദരാബാദും ബംഗളൂരുവുമുണ്ടെങ്കിലും അന്താരാഷ്ട്ര ഗതാഗതത്തിൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയെ പോലെ ആകുന്നതാണ് കണ്ണൂരിന് ഗുണകരം. ടോക്കിയോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലേക്കെന്ന പോലെ ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ന്യൂയോർക്ക് പോലുള്ള വിദൂര നഗരങ്ങളിലേക്കുമുള്ള യാത്രക്കാർക്ക് സൗകര്യപ്രദമാവുന്ന ഒരു
ട്രാൻസിറ്റ് ഹബായി കണ്ണൂർ വൈകാതെ മാറിയേക്കും. ഏതെങ്കിലും വൻകിട പദ്ധതി വന്ന ശേഷം പശ്ചാത്തല സൗകര്യത്തെ കുറിച്ച് ചിന്തിക്കാമെന്നതാണ് കേരളത്തിലെ നടപ്പു രീതി. ഇതിൽ നിന്ന് വ്യത്യസ്തമാണ് കണ്ണൂരിനോടുള്ള സമീപമെന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു. ആയിരം കോടിയിലേറെ ചെലവിട്ടാണ് പുതിയ വിമാനത്താവളത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ നിർമിക്കുന്നത്. തലശ്ശേരിയ്ക്കടുത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പദ്ധതിക്ക് തറക്കല്ലിടും. മുഖ്യമന്ത്രി പിണറായി വിജയൻ മട്ടന്നൂർ വിമാനത്താവളത്തിൽ പറന്നിറങ്ങി ഈ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.