ന്യൂദല്‍ഹി- ശൈത്യം ആസന്നമായതോടെ ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരം അപകടകരമായ തോതിലേക്ക് ഉയര്‍ന്ന് വഷളായ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന കാര്യം വേണ്ടി വന്നാല്‍ പരിഗണിക്കുമെന്ന് മലിനീകരണ നിയന്ത്രണ അതോറിറ്റി. ദല്‍ഹിയുള്‍പ്പെടെ വടക്കേ ഇന്ത്യയുടെ വലിയൊരു ഭാഗം വിഷമയമായ മൂടല്‍ മഞ്ഞില്‍ മുങ്ങിയിരിക്കുകയാണ്. ശൈത്യകാലത്തിന്റെ തുടക്കത്തില്‍ പതിവു പോലെ കര്‍ഷകര്‍ തങ്ങളുടെ വിളകളുടെ അവശിഷ്ടം വ്യാപകമായി കത്തിക്കുന്നത് ഇതിനൊരു കാരണമാണ്. എന്നാല്‍ മലിനീകര തോത് അപകടകരമായ നിലയിലുള്ള ദല്‍ഹിയില്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന പുക കൂടി ചേര്‍ന്നതോടെ അന്തരീക്ഷം വിഷലിപ്തമായിത്തീര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ആരോഗ്യത്തിന് ഹാനികരമായ തോതിലാണിത്. ഇതു വീണ്ടും വളഷായി അടിയന്തിര സാഹചര്യം വന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്തേണ്ടിവരും. ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പ്രത്യേക സമിതിയുണ്ടെന്നും പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ചെയര്‍മാന്‍ ഭുരെ ലാല്‍ പറഞ്ഞു.
സുപ്രീം കോടതി നിയമിച്ച ഈ അതോറിറ്റി ഇതിനകം തന്നെ ദല്‍ഹിയില്‍ ഡീസല്‍ ജനറേറ്റകളുടെ ഉപയോഗവും നിര്‍മ്മാണ പ്രവൃത്തികളും ഇഷ്ടിക ചൂളകളും മാലിന്യം കത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്. നവംബര്‍ ഒന്നു മുതല്‍ 10 വരെയാണ് ഈ വിലക്ക്. ഈ 10 ദിവസത്തിനിടെയാണ് മലിനീരകരണം തോത് കുത്തനെ ഉയരാന്‍ സാധ്യതയുള്ളത്.
ദല്‍ഹിയിലെ വായു മലിനീകരണ തോത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരന്തരം നിരീക്ഷിച്ചു വരികയാണ്. വായുവില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മ വിഷ വസ്തുക്കളുടേയും വാതകങ്ങളുടെയും തോത് അളന്നാണ് മലിനീകരണത്തിന്റെ കാഠിന്യം കണക്കാക്കുന്നത്. ഒരാഴ്ച മുമ്പ് ഇത് 299.4 ആയിരുന്നെങ്കില്‍ ദല്‍ഹിയുടെ പല ഭാഗങ്ങളിലും ഇത് ചൊവ്വാഴ്ച 469 ആയി കുത്തനെ ഉയര്‍ന്നിട്ടുണ്ട്.