Sorry, you need to enable JavaScript to visit this website.

മാലേഗാവ് സ്‌ഫോടനക്കേസില്‍ കേണല്‍ പുരോഹിതിനും പ്രജ്ഞ സിങിനുമെതിരെ തീവ്രവാദ കുറ്റംചുമത്തി

മുംബൈ- 2008ല്‍ മഹാരാഷട്രയിലെ മാലേഗാവില്‍ മുസ്ലിം പള്ളിക്കു സമീപം സ്‌ഫോടനം നടത്തിയ കേസില്‍ അഭിനവ് ഭാരത് എന്ന ഹിന്ദുത്വ തീവ്രവാദ സംഘടനയുടെ നേതാവും സൈനികനുമായ ലഫ്റ്റനന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനും സന്യാസിനി പ്രജ്ഞാ സിങ് ഠാക്കൂറിനുമെതിരെ മുംബൈയിലെ പ്രത്യേക കോടതി തീവ്രവാദ കുറ്റം ചുമത്തി. കടുത്ത നിയമമായ യു.എ.പി.എ (നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം)യുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രത്യേക കോടതി ഇവരുള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പ്രത്യേക എന്‍.ഐ.എ കോടതി കുറ്റം ചുമത്തിയത്. യു.എ.പി.എ പ്രകാരം തീവ്രവാദ പ്രര്‍ത്തനം, ഐ.പി.സി പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേണല്‍ പുരോഹിത് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 

കുറ്റം ചുമത്തിയതോടെ ഇവരെ ഇനി കോടതി വിചാരണ ചെയ്യും. പുരോഹിതും പ്രജ്ഞയും കൂടാതെ മുന്‍ സൈനികന്‍ മേജര്‍ രമേഷ് ഉപാധ്യയ, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തി. എല്ലാ പ്രതികളും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. 

2008 സെപ്തംബര്‍ 29ന് മുംബൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള മാലേഗാവില്‍ മുസ്ലിം ജനസംഖ്യ ഏറെയുള്ള തിരക്കേറിയ അങ്ങാടിയില്‍ മുസ്ലിം പള്ളിക്കു സമീപമാണ് ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. ആറു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 

Latest News