ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണിലുണ്ണി എന്നറിയപ്പെടുന്ന സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കൈക്കൂലി കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥന്‍ എ.കെ ബസി തന്നെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. സി.ബി.ഐ അന്വേഷിച്ചു വരുന്ന ഒരു കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു വ്യവസായിയില്‍ നിന്ന് രണ്ടു കോടി രൂപ അസ്താന കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ഈ കേസില്‍ അസ്താനയ്‌ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബസി കോടതിയില്‍ വ്യക്തമാക്കി. അസ്താനയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്നും ബസി കോടതിയോട് ആവശ്യപ്പെട്ടു.
സി.ബി.ഐ മേധാവി അലോക് വര്‍മയും അസ്താനയും തമ്മിലുള്ള പോര് രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരേയും നിര്‍ബന്ധിത അവധിയില്‍ വിട്ട സര്‍ക്കാര്‍ നിയമിച്ച ഇടക്കാല മേധാവി നാഗേശ്വര്‍ റാവുവാണ് ഒക്ടോബര്‍ 24ന് ബസിയെ പോര്‍ട് ബ്ലയറിലേക്ക് സ്ഥലം മാറ്റിയത്. പൊതുതാല്‍പര്യം മാനിച്ചാണ് ഈ നടപടിയെന്നായിരുന്നു വിശദീകരണം. നിര്‍ബന്ധിത അവധിയില്‍ പറഞ്ഞുവിട്ടതിനെ ചോദ്യം ചെയ്ത് അലോക് വര്‍മയും അസ്താനയും കോടതിയെ സമീപിച്ചിരുന്നു.
ഇടക്കാല മേധാവി നാഗേശ്വര്‍ റാവു തിരക്കിട്ട് നടത്തിയ സ്ഥലമാറ്റങ്ങളും എടുത്ത തീരുമാനങ്ങളും സുപ്രീം കോടതി പരിശോധിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബസി റാവുവിന്റെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. റാവുവിന് നയപരമായ തീരമാനങ്ങളൊന്നും സ്വീകരിക്കാനാവില്ലെന്നും ഭരണതലവനായി തുടരാന്‍ മാത്രമെ അധികാരമുള്ളൂവെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.