കൊച്ചി- തനിക്കെതിര ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ തള്ളുന്നതായി അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമല ഭക്തര്‍ക്കെതിരായ തീവ്രഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങള്‍. നവംബര്‍ അഞ്ചിനു മുമ്പ് ഇനിയും ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു. സ്ത്രീ വിഷയം പറഞ്ഞ് പേടിപ്പിച്ചാല്‍ താന്‍ ഭയപ്പെടില്ലെന്നും രാഹുല്‍ ഈശ്വര്‍ മുന്നറിയിപ്പ് നല്കി.
രാഹുല്‍ ഈശ്വറിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം തള്ളുന്നതായി ഭാര്യ ദീപയും പറഞ്ഞു. വ്യാജപരാതികള്‍ മീടുവിന്റെ വിശ്വാസ്യത നശിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താനാണ് ശ്രമം. പരാതിക്കാരി പറയുന്ന സംഭവങ്ങള്‍ക്കും രണ്ട് വര്‍ഷം മുമ്പ് തന്നെ രാഹുലിനെ അറിയാമെന്നും ദീപ പറഞ്ഞു.
പോണ് വിഡിയോ കാണിച്ച് രാഹുല്‍ ഈശ്വര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. കടന്നു പിടിച്ച് ചുംബിച്ചുവെന്ന പേരുവെളിപ്പെടുത്താത്ത യുവതിയുടെ ആരോപണം ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.