ന്യുദല്‍ഹി- റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) നയങ്ങളില്‍ കൈക്കടത്തി പ്രവര്‍ത്തന സ്വാതന്ത്രത്തിന് തടസം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ആര്‍.ബി.ഐ ഉപമേധാവി പരസ്യമായി രംഗത്തു വന്നതോടെ സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള ഭിന്നത് മറനീക്കി പുറത്തായി. രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ ആര്‍.ബി.ഐയുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ വിരള്‍ ആചാര്യ ഒരു പൊതുപരിപാടിയില്‍ പ്രസംഗിച്ചതാണ് സര്‍ക്കാരിന് നാണക്കേടായത്. ആര്‍.ബി.ഐയുടെ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് തുടര്‍ന്നാല്‍ അതൊരു ദുരന്തത്തിലായിരിക്കും കലാശിക്കുക. സര്‍ക്കാരിന്റെ മുന്നറിയിപ്പില്ലാത്ത നീക്കങ്ങള്‍ മൂലധന വിപണികളില്‍ വിശ്വാസ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വിരള്‍ ആചാര്യ മുന്നറിയിപ്പു നല്‍കിയിരുന്നു. മുംബൈയില്‍ വെള്ളിയാഴ്ച നടന്ന വ്യവസായികളുടെ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് ആചാര്യ ഇക്കാര്യം തുറന്നടിച്ചത്. പ്രസംഗത്തിന് ഈ വിഷയം തെരഞ്ഞെടുക്കാന്‍ നിര്‍ദേശിച്ചത് തന്റെ മേലുദ്യോഗസ്ഥനായ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ആണെന്നു കൂടി ആചാര്യ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ആര്‍.ബി.ഐയുടെ പ്രവര്‍ത്തന സ്വാതന്ത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കൂടി തിങ്കളാഴ്ച രംഗത്തെത്തിയതോടെ ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് മേധാവികളും ജീവനക്കാരും സര്‍ക്കാരിനെതിരെ ഒറ്റക്കെട്ടാണെന്ന് വ്യക്തമായിരിക്കുകയാണ്. ആര്‍.ബി.ഐക്കു മേല്‍ കുതിരകയറുന്നതിനു പകരം ഇരു കൂട്ടരും ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. കേന്ദ്ര ബാങ്കിനെ നിയന്ത്രിക്കാനുള്ള നീക്കം ദുരന്തത്തിനുള്ള ചേരുവയാണ്. ഇത് സര്‍ക്കാര്‍ തടയണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
റിസര്‍വ് ബാങ്ക് പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തുവന്നതില്‍ സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ മാനിക്കുന്നുണ്ടെന്നും ആര്‍.ബി.ഐ ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്വം മനസ്സിലാക്കണമെന്നും മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍.ബി.ഐ സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്നത് നിക്ഷേപകരുടെ ഇടയില്‍ രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.
കിട്ടാ കടം കുന്നുകൂടി പ്രതിസന്ധിയിലായ കുറഞ്ഞ മൂലധന അടിത്തറയുള്ള ബാങ്കുകള്‍ക്കു മേലുള്ള വായ്പാ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമാണ് സര്‍ക്കാരും ആര്‍.ബി.ഐയും തമ്മിലുള്ള പോര് രൂക്ഷമാക്കാന്‍ ഇടയാക്കിയത്. 11 പൊതുമേഖലാ ബാങ്കുകള്‍ക്കാണ് ആര്‍.ബി.ഐ വായ്പാ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. മൂലധന അടിത്തറ ശക്തിപ്പെടുത്തിയില്ലെങ്കില്‍ നിയന്ത്രണം തുടരുമെന്ന മുന്നറിയിപ്പും ഈ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. പലിശ നിരക്കുകള്‍ നിര്‍ണയിക്കുന്നതിലും പൂര്‍ണ അധികാരം വേണമെന്നാണ് റിസര്‍വ് ബാങ്കിന്റെ ആവശ്യം. സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് നിരക്കുകള്‍ നിര്‍ണയിക്കാനാവില്ലെന്നും വ്യക്തമാക്കുന്നു. ഒരു സ്വതന്ത്ര പേമെന്റ് റെഗുലേറ്ററി ബോര്‍ഡ് കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിലും ആര്‍.ബി.ഐക്ക് എതിര്‍പ്പുണ്ട്. ഈ ബോര്‍ഡിന്റെ ചുമതലകള്‍ നിലവില്‍ ആര്‍.ബി.ഐയുടെ കീഴില്‍ വരുന്നതാണെന്നും വ്യക്തമാക്കി നിര്‍ദേശം തള്ളിയിരുന്നു.