പനാജി- ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ജീവിച്ചിരിപ്പില്ലെന്ന് പ്രസ്താവിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി രംഗത്ത്. ഒക്‌ടോബര്‍ 14 ന് ശേഷം പരീക്കറെ ആരും കണ്ടിട്ടില്ലെന്നും അദ്ദേഹം മരിച്ചിട്ടുണ്ടാകുമെന്നും കോണ്‍ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭുവാണ് പ്രസ്താവിച്ചത്. പരീക്കര്‍ക്ക് ചുറ്റുമുള്ള ചിലര്‍ അനധികൃതമായി മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ ഉപയോഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി പരീക്കറുടെ മരണ വാര്‍ത്ത പുറത്ത് വിടാത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
ഒക്‌ടോബര്‍ 14 ന് ദല്‍ഹി എയിംസില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം പൊതുപരിപാടികളില്‍ പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ഗോവയിലെ സ്വകാര്യ വസതിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് ആരോപണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ബി.ജെ.പി കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ അല്‍പത്വമാണെന്ന് തിരിച്ചടിച്ചു. ഇത്തരം തരംതാണ പ്രസ്താവനകള്‍ കോണ്‍ഗ്രസുകാര്‍ നടത്തരുതെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
പരീക്കര്‍ക്ക് പാന്‍ക്രിയാസ് കാന്‍സറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ തന്റെ സ്വകാര്യ വസതിയില്‍ പരീക്കര്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ആരോഗ്യ മന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചിരുന്നു.