Sorry, you need to enable JavaScript to visit this website.

രണ്ട് സൗദി യുവതികള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

ന്യൂയോർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സൗദി സഹോദരിമാരുടെ രേഖാചിത്രങ്ങൾ.

റിയാദ്- സഹോദരിമാരായ സൗദി യുവതികളെ അമേരിക്കയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ന്യൂയോർക്ക് മാൻഹട്ടനിൽ ഹഡ്‌സൻ നദിക്കരയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കൻ പോലീസ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിലൂടെ പോലീസ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. താലാ ഫാരിഅ് (16), റോട്ടാനാ ഫാരിഅ് (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ജിദ്ദ നിവാസികളാണ്. മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ച് കാലുകളും അരക്കെട്ടുകളും പരസ്പരം ബന്ധിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിന് പ്രാദേശിക അധികൃതരുമായി സഹകരിച്ചു വരികയാണെന്ന് ന്യൂയോർക്ക് സൗദി കോൺസുലേറ്റ് പറഞ്ഞു. മാസ്‌കിംഗ് ടേപ്പ് ഉപയോഗിച്ച് കാലുകളും അരക്കെട്ടും പരസ്പരം ബന്ധിച്ച് ഇരുവരും ജോർജ് വാഷിംഗ്ടൺ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. മൃതദേഹങ്ങൾ പുഴയിലൂടെ ഒഴുകിയെത്തി കരയിൽ അടിയുകയായിരുന്നെന്നാണ് കരുതുന്നത്. ന്യൂയോർക്ക് പോലീസ് നൽകിയ രേഖാ ചിത്രങ്ങൾ വഴി യുവതികളെ മാതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. പുഴയോര പാർക്കിനു സമീപം നദിക്കരയിൽ മൃതദേഹങ്ങൾ കണ്ടെത്തിയ വഴിപോക്കനാണ് ഇതേ കുറിച്ച് പോലീസിൽ അറിയിച്ചത്.  
റോട്ടാന ഫാരിഅ് ന്യൂയോർക്കിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ മാതാവ് ന്യൂയോർക്കിൽ നിന്ന് 250 കിലോമീറ്റർ ദൂരെ വിർജീനിയ സംസ്ഥാനത്തെ ഫെയർഫാക്‌സിലാണ് കഴിയുന്നത്. മൂത്ത സഹോദരിയെ കാണുന്നതിനാണ് താല ന്യൂയോർക്കിലെത്തിയത്. ഒരാഴ്ചയായി ഇരുവരുമായും ബന്ധപ്പെടുന്നതിന് മാതാവിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് ഇരുവരെയും കാണാതായതായി ബന്ധുക്കൾ പോലീസിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നെന്ന റിപ്പോർട്ടുകൾ കുടുംബം നിഷേധിച്ചു. മരണ കാരണം അറിയുന്നതിന് ഫോറൻസിക് പരിശോധനാ ഫലം വരുന്നത് കാത്തിരിക്കുകയാണെന്ന് കുടുംബം പറഞ്ഞു.  
 

Latest News