Sorry, you need to enable JavaScript to visit this website.

സീറോ മലബാർ സഭ ഇടപാട്: ഭൂമി  ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

കൊച്ചി- സീറോ മലബാർ സഭ ഇടനിലക്കാർ വഴി കാക്കനാട് വിറ്റ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഇടനിലക്കാരൻ സാജു വർഗീസ്, ഭൂമി വാങ്ങിയ വി.കെ.ഗ്രൂപ്പ് എന്നിവരുടെ ആസ്തി വകകളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. 
ഭൂമിയിടപാടിൽ വലിയതോതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് താത്കാലികമായാണ് ആസ്തി കണ്ടുകെട്ടിയത്.  നികുതിവെട്ടിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇടനിലക്കാരൻ സാജു വർഗീസിന് 10 കോടി പിഴയൊടുക്കാൻ നോട്ടീസ് നൽകി. 
സാജു വർഗീസിന്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം തന്നെ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിട്ടുണ്ട്. സഭയേയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയേയും വിവാദത്തിലാക്കിയ ഇടനിലക്കാരൻ സാജു വർഗീസിന്റെ വാഴക്കാലയിലെ ആഡംബര വീടും കണ്ടുകെട്ടിയിട്ടുണ്ട്.  4298 ചതുരശ്ര അടിവരുന്ന ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായ നികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വർഗീസ് വഴി വി.കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരിൽ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 
ഇടപാടിൽ സാജു വർഗീസും വി.കെ ഗ്രൂപ്പും ചേർന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.  27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി ഇയാൾ വഴി വിൽപന നടത്തിയെങ്കിലും സഭയ്ക്ക് ആകെ ലഭിച്ചിട്ടുള്ളത് 13.5 കോടിയോളം രൂപ മാത്രമാണ്.  നോട്ട് നിരോധനം മൂലം പണം തരാനാവില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. ബാക്കി തരാനുള്ള പണത്തിന് പകരമായി സഭയ്ക്ക് കോതമംഗലത്തും ദേവികുളത്തുമായി ഇയാൾ സ്ഥലം നൽകുകയും ചെയ്തു. ഈ സ്ഥലങ്ങൾക്ക് കിട്ടാനുള്ള പണത്തേക്കാൾ മൂല്യമുണ്ടെന്ന് പറഞ്ഞത് പ്രകാരം സഭ വീണ്ടും ഇയാൾക്ക് പണം നൽകിയിരുന്നു. 
സഭ വിറ്റ സ്ഥലത്തിന് ന്യായമായ മൂല്യം ലഭിച്ചില്ലെന്നും പിന്നീട് സാജു വർഗീസിൽ നിന്നും പകരം വാങ്ങിയ ഭൂമിക്ക് അധിക മൂല്യമാണ് നൽകിയതെന്നുമാണ് ആരോപണം. ഈ ഭൂമിയിടപാടുകളോടെ, ബാങ്ക് വായ്പ തീർക്കാനായി ഭൂമി വിൽക്കാൻ ശ്രമിച്ച സഭയുടെ കടം വൻതോതിൽ വർധിക്കുകയും ചെയ്തു. ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് വൈദിക സമിതിയും ബിഷപ്പുമാരുടെ സിനഡ് നിയോഗിച്ച സമിതിയും കണ്ടെത്തിയിരുന്നു. ബിഷപ്പുമാരുടെ സമിതിയുടെ റിപ്പോർട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും സഭയിൽ രഹസ്യമായി അവതരിപ്പിച്ചിരുന്നു.  
ഇടപാട് വിവാദത്തിലായതോടെ കർദ്ദിനാളിനെ അതിരൂപതയുടെ ആർച്ച്ബിഷപ്പ് അധികാരത്തിൽ നിന്ന് നീക്കിയ വത്തിക്കാൻ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ചുമതല ഏൽപിക്കുകയായിരുന്നു. 
സാമ്പത്തിക ക്രമക്കേടിലൂടെ സഭയ്ക്ക് ഉണ്ടായിരിക്കുന്ന 100 കോടിയോളം രൂപയുടെ ബാധ്യത തീർക്കാൻ ഭൂമി വിൽപന അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ വത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. അതു പ്രകാരം അതിരൂപതയുടെ കൈവശം തൃക്കാക്കരയിലുള്ള 12 ഏക്കർ ഭൂമി വ്യവസായിക്ക് വിറ്റ് കടംവീട്ടാനുള്ള നടപടി പുരോഗമിക്കുകയാണ്. 70 കോടി രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നാണ് വിവരം. 
90 ലക്ഷത്തോളം രൂപയാണ് മാസം അതിരൂപത ബാങ്കിൽ പലിശയായി അടയ്ക്കുന്നത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് സീറോ മലബാർ സഭ അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് ഇടനിലക്കാരനായ സാജു വർഗീസിന്റെ വീട്ടിലും വി.കെ ഗ്രൂപ്പ് സ്ഥാപനങ്ങളിലും ആദായ വകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു. ഇയാളുടെ 13 സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിന്റെ തുടർച്ചയായാണ് നടപടി ഉണ്ടായിരിക്കുന്നത്. 

 

Latest News