ധാക്ക- ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയക്ക് മറ്റൊരു ഏഴ് വര്‍ഷം കൂടി തടവ് വിധിച്ചു. അഴിമതിക്കേസിലാണ് പുതിയ ശിക്ഷ. തികച്ചും രാഷ്ട്രീയപ്രേരിതമായ കേസാണിതെന്ന് ഖാലിദ സിയയുടെ അനുയായികള്‍ ആരോപിക്കുന്നു. പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ മുഖ്യ എതിരാളിയായ ഖാലിദ സിയ നിലവില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. പൊതുമുതല്‍ അപഹരണ കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് അവരെ ജയിലിലടച്ചത്.
സിയ ചാരിറ്റബിള്‍ ട്രസ്റ്റിനായി 3,75,000 ഡോളര്‍ അനധികൃതമായി സ്വരൂപിച്ച കേസിലാണ് പുതിയ ശിക്ഷ. ഖാലിദ സിയയുടെ മുന്‍ ഭര്‍ത്താവിന്റെ പേരിലുള്ളതാണ് സിയ ചാരിറ്റബിള്‍ ട്രസ്റ്റ്. പണം സ്വരൂപിക്കുന്നതിനായി ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കോടതി കണ്ടെത്തി.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഖാലിദ സിയയെ അനാരോഗ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നില്ല.
ഖാലിദക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്കു കൂടി ഏഴ് വര്‍ഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ പോലീസും ആയിരക്കണക്കിനു വരുന്ന ഖാലിദ സിയയുടെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ പ്രവര്‍ത്തകരെ മുഴുവന്‍ അടിച്ചമര്‍ത്തുകയാണെന്ന ആരോപണം നേരിടുകയാണ് പ്രധാനമന്ത്രി ശൈഖ് ഹസീന. ഖാലിദ സിയയുടെ ബി.എന്‍.പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും വിചാരണയും ശിക്ഷയും രാഷ്ട്രീയ പ്രതികാരമാണെന്ന് അവരുടെ അഭിഭാഷന്‍ ആരോപിച്ചു.
ഒരുകാലത്ത് ശൈഖ് ഹസീനയുടെ സഖ്യത്തിലായിരുന്ന ഖാലിദ സിയ ബഹിഷ്‌കരിച്ച 2014 ലെ തെരഞ്ഞെടുപ്പിലാണ് ഹസീന അധികാരത്തിലെത്തിയത്. സൈനിക ഏകാധിപതിയായിരുന്ന ഭര്‍ത്താവ് വധിക്കപ്പെട്ടതിനു പിന്നലെ 1980കളിലാണ് ഖാലിദ സിയ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. അഴിമതിയും അക്രമവുമായി ബന്ധപ്പെട്ട് ഡസന്‍ കണക്കിന് കേസുകളാണ് അവര്‍ നേരിടുന്നത്. എല്ലാ കേസുകളും അടിസ്ഥാനരഹിതമാണെന്ന് ഖാലിദ സിയയുടെ അഭിഭാഷകര്‍ വാദിക്കുന്നു. തന്നെയും കുടുംബത്തേയും രാഷ്ട്രീയത്തില്‍നിന്ന് അകറ്റാനാണ് കള്ളക്കേസുകള്‍ കെട്ടിച്ചമച്ചതെന്ന് ഖാലിദ സിയ ആരോപിക്കുന്നു. ധാക്ക സെന്‍ട്രല്‍ ജയിലില്‍ ഏകന്ത തടവറയില്‍ അടച്ച ഖാലിദ സിയയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതിവേഗം പൂര്‍ത്തിയാക്കുന്നതിന് ജയലിലെ ഒരു മുറി താല്‍ക്കാലിക കോടതിയാക്കി മാറ്റിയാണ് വിചാരണ നടത്തിയത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് അവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. മൂത്തമകന്‍ താരിഖ് റഹ്്മാന് അദ്ദേഹത്തിന്റെ അഭാവത്തില്‍ ജയില്‍ ശിക്ഷ വിധിച്ചതും ഖാലിദ സിയക്ക് വലിയ ആഘാതമായി. താരിഖ് റഹ്്മാന്‍ ലണ്ടനില്‍ വിപ്രവാസ ജീവിതം നയിക്കുകയാണ്. ശൈഖ് ഹസിന 2004 ല്‍ നടത്തിയ റാലിക്കുനേരെ ഗ്രനേഡ് ആക്രമണം നടത്തിയെന്ന ആരോപണമാണ് താരിഖ് റഹ്്മാന്‍ നേരിട്ടത്. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.