Sorry, you need to enable JavaScript to visit this website.

അമിത് ഷായെ ന്യായീകരിക്കാനെത്തി; ചോദ്യങ്ങളില്‍ കുഴങ്ങി കണ്ണന്താനം

ന്യൂദല്‍ഹി- ബി.ജെ.പി പ്രസിഡന്റ്  അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചുവെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ  വലിച്ചിടുമെന്നാണ് അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞതെന്നും കണ്ണന്താനം അവകാശപ്പെട്ടു. അമിത് ഷായുടെ പ്രസംഗത്തിന്റെ തര്‍ജമയില്‍ പിഴവുണ്ടായെന്നും കണ്ണന്താനം പറഞ്ഞു. അമിത് ഷായുടെ ശരീര വണ്ണത്തെ കുറിച്ചും മറ്റും പറഞ്ഞത് അദ്ദേഹത്തെ അപമാനിക്കലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
അതേസമയം, മാധ്യമ പ്രര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാനാകാതെ കണ്ണന്താനം കുഴങ്ങി. ഇക്കാര്യം മാത്രമേ താന്‍ പറയൂവെന്നും ശബരിമല  സംബന്ധിച്ച് ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കാന്‍ പാര്‍ട്ടി വക്താവിനെ നിയോഗിച്ചിട്ടുണ്ടെന്നും പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി.
യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും കണ്ണന്താനം പറഞ്ഞു.  
കേരളത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന വെല്ലുവിളി നടപ്പാക്കാനുള്ള ആരോഗ്യം അമിത് ഷായുടെ ശരീരത്തിനില്ലെന്നായിരുന്നു പാലക്കാട്ട് മുഖ്യമന്ത്രി പ്രസംഗിച്ചത്. അല്‍പന്മാര്‍ക്കു മറുപടി നല്‍കാറില്ലെങ്കിലും അമിത് ഷായ്ക്കു പിന്നില്‍ അണിനിരന്ന ചിലര്‍ അറിയാനാണ് ഇതു പറയുന്നതെന്നും പിണറായി പറഞ്ഞിരുന്നു. സര്‍ക്കാരിനെ വലിച്ചു താഴെയിടും എന്നാണ് അമിത് ഷാ പറഞ്ഞത്. അതിന് ഈ തടി പോര. അതൊക്കെ അങ്ങ് ഗുജറാത്തില്‍ പോയിപറഞ്ഞാല്‍ മതി. ഇഷ്ടം പോലെ എടുത്തു കൈകാര്യം ചെയ്യാവുന്നതല്ല കേരളത്തിലെ സര്‍ക്കാര്‍. ഈ നാടിനെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 

Latest News