Sorry, you need to enable JavaScript to visit this website.

തകര്‍ന്നുവീണ വിമാനം പറത്തിയത് ഇന്ത്യന്‍ പൈലറ്റ്, യാത്രക്കാരെ കുറിച്ച് വിവരമില്ല; രക്ഷാ പ്രവര്‍ത്തനം ഇങ്ങനെ

ജക്കാര്‍ത്ത- തിങ്കളാഴ്ച രാവിലെ ഇന്തൊനേഷ്യന്‍ തീരത്തിനു സമീപം കടലില്‍ തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനം പറത്തിയിരുന്നത് ദല്‍ഹി സ്വദേശിയായ പൈലറ്റ് ഭവ്യ സുനേജ. ഇന്തൊനേഷ്യന്‍ തലസ്ഥാനത്തു നിന്നും പറന്നുയര്‍ന്ന വിമാനം 13 മിനിറ്റ് പിന്നിട്ടപ്പോഴാണ് കടലിലേക്ക് കൂപ്പുകുത്തി മുങ്ങിത്താഴ്ന്നു പോയത്. രണ്ടു പൈലറ്റുമാരും ആറു ജീവനക്കാരും ഉള്‍പ്പെടെ 189 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെ കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. ഇന്തൊനേഷ്യന്‍ രക്ഷാപ്രവര്‍ത്തന ഏജന്‍സിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. യാത്രക്കാര്‍ ജീവനോടെ ബാക്കിയായിട്ടുണ്ടോ എന്നതു സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്തു വന്നിട്ടില്ല. 

ദല്‍ഹി സ്വദേശിയായ പൈലറ്റ് സുനേജ 2011 മുതല്‍ ലയണ്‍ എയറില്‍ ജോലി ചെയ്തു വരികയാണ്. നേരത്തെ എമിറേറ്റ്‌സില്‍ ട്രെയ്‌നി പൈലറ്റായി മൂന്ന് മാസം ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ പറയുന്നു. 2009ല്‍ ബെല്‍ എയര്‍ ഇന്റര്‍നാഷണലില്‍ നിന്നാണ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയത്. സുനേജയ്ക്ക് ആറായിരത്തിലേറെ മണിക്കൂര്‍ വിമാനം പറത്തിയുള്ള പരിചയമുണ്ടെന്ന് ലയന്‍ എയര്‍ വ്യക്തമാക്കുന്നു. സുനേജയ്‌ക്കൊപ്പമുള്ള സഹപൈലറ്റിന് അയ്യായിരത്തിലേറെ മണിക്കൂര്‍ പറത്തിയുള്ള പരിചയവുമുണ്ട്.

വിമാനം വീണത് ഇവിടെ
ദീപുകളുടെ കൂട്ടമായ ഇന്തൊനേഷ്യയിലെ ഏറ്റവും വലിയ ദ്വീപാണ് ജാവ. ദേശീയ തലസ്ഥാന നഗരമായ ജക്കാര്‍ത്ത ജാവയിലാണ്. വിദൂര ദ്വീപായ ബാങ്കയിലെ പ്രവിശ്യാ തലസ്ഥാനമായ പങ്കല്‍പിനാങിലേക്കാണ് വിമാനം പറന്നിരുന്നത്. ജക്കാര്‍ത്ത തുറമുഖത്തിനു പുറപ്പെട്ട ഒരു ടഗ്‌ബോട്ടിലുള്ളവര്‍ ഈ വിമാനം കടലിലേക്ക് വീഴുന്നത് കണ്ടതായി പറഞ്ഞിരുന്നു. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്.

അവശിഷ്ടങ്ങള്‍ കണ്ടെത്തി, രക്ഷാപ്രവര്‍ത്തനത്തിന് വന്‍സന്നാഹം കടലില്‍
അതേസമയം അപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. കടലില്‍ തിരച്ചില്‍ നടത്തി വരുന്ന ഇന്തൊനേഷ്യന്‍ ദുരന്ത നിവാരണ സേന കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പുസ്തകങ്ങളും ബാഗുകളും വിമാന ഭാഗങ്ങളുമാണ് ചിത്രങ്ങളിലുള്ളത്. ഇവ മേഖലയില്‍ നങ്കൂരമിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തന കപ്പലില്‍ വച്ച് പരിശോധന നടത്തി വരികയാണ്. സൈനികരും പോലീസും മത്സ്യത്തൊഴിലാളികളും അടക്കം 300ഓളം പേരാണ് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ദുരന്തനിവാരണ സേന ഉപ മേധാവി നുഗ്രോഹോ ബുദി വിര്യാന്തോ അറിയിച്ചു. ഇതുവരെ മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഐഡി കാര്‍ഡുകളും മറ്റും മാത്രമെ കണ്ടെടുത്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Image result for indonesia plane crash

അപകടത്തില്‍പ്പെട്ടത് പുതിയ ബോയിങ് വിമാനം
ഇന്തൊനേഷ്യയിലെ ഏറ്റവും പുതിയതും വലിയതുമായ വിമാനക്കമ്പനികളിലൊന്നാണ് ലയണ്‍ എയര്‍. ഇവരുടെ ഏറ്റവും പുതിയ ബോയിങ് 737 മാക്‌സ് 8 വിമാനമാണ് ദുരന്തത്തില്‍പ്പെട്ടത്. ഓഗസ്റ്റിലാണ് ഈ വിമാനം കമ്പനി വാങ്ങിയത്. താമസിയാതെ ഇതു പറത്തിത്തുടങ്ങുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആഴത്തിലുള്ള ദുഖമുണ്ടെന്നും നീരീക്ഷിച്ചു വരികയാണെന്നും യുഎസ് വിമാനനിര്‍മ്മാണ കമ്പനിയായ ബോയിങ് വക്താവ് ബോള്‍ ലൂയി പറഞ്ഞു. അപകടത്തില്‍പ്പെടുന്നതിന് മുമ്പുള്ള ഈ വിമാനത്തിന്റെ അവസാന പറക്കലിലും സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നതായി ലയണ്‍ എയര്‍ മേധാവി പറഞ്ഞു. ദെന്‍പസറില്‍ നിന്നും ജക്കാര്‍ത്തയിലേക്കു പറക്കുന്നതിനെ ഉണ്ടായ സാങ്കേതിക തകരാര്‍ കണ്ടെത്തി പരിഹരിച്ചിരുന്നു- സി.ഇ.ഒ എഡ്വേര്‍ഡ് സിരയ്ത് പറഞ്ഞു. അതേസമയം എന്തു തകരാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇതേ ഗണത്തില്‍പ്പെട്ട 11 വിമാനങ്ങള്‍ കമ്പനിക്കുണ്ടെന്നും മറ്റുള്ളവയ്‌ക്കൊന്നും തകരാറുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Minutes after takeoff, Lion Air flight crashes into sea, says Indonesia

Latest News