ന്യൂദല്‍ഹി- അയോധ്യയില്‍ ബാബരി മസ്ജിദ് നിലകൊണ്ടിരുന്ന ഭൂമി മൂന്ന് വിഭാഗത്തിന് വീതം വച്ചു നല്‍കിയ 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി 2019 ജനുവരിയിലേക്കു മാറ്റി വച്ചു. കേസില്‍ വാദം കേള്‍ക്കുന്ന തീയതി അനുയോജ്യമായ ഒരു ബെഞ്ച് ജനുവരിയില്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. അതായത് ലോക്‌സഭാ തെരഞ്ഞെടുപ്പ് വളരെ അടുത്ത വരുന്ന ജനുവരിയിലും വാദം കേള്‍ക്കല്‍ നടക്കുമെന്ന് ഉറപ്പില്ലെന്നര്‍ത്ഥം.
ഈ ഹര്‍ജികള്‍ വാദം കേള്‍ക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സെപ്തംബര്‍ 27-ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ ബെഞ്ച് പൂര്‍ണമായു ഉടച്ചു വാര്‍ത്ത് പുതിയ ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെ കുടാതെ ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ടതാണ് ഈ ബെഞ്ച്.
സുപ്രീം കോടതി വാദം കേള്‍ക്കല്‍ നീട്ടിയതോടെ ബി.ജെ.പിക്കും സംഘപരിവാറും തിരിച്ചടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ നേരത്തെ വാദം കേള്‍ക്കുന്നത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ബാബരി മസ്ജിദ് നിന്നിടത്ത് അയോധ്യയില്‍ രാമ ക്ഷേത്രം പണിയുമെന്ന് വാഗ്ദാനം നല്‍കിയും വര്‍ഗീയത ആളിക്കത്തിച്ചുമാണ് ബി.ജെ.പി തെരഞ്ഞെടുപ്പു പ്രാചാരണങ്ങള്‍ കൊഴുപ്പിക്കുന്നത്. നിയമപ്രകാരം അയോധ്യയില്‍ രാമ ക്ഷേത്രം പണിയുമെന്ന് വാഗ്ദാനം നല്‍കുന്ന ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പിനു മുമ്പായി സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.