Sorry, you need to enable JavaScript to visit this website.

'സുന്ദരനായ വില്ലന്' ജന്മനാട്ടിൽ സ്മാരകങ്ങളൊന്നുമില്ല 

  • കെ.പി. ഉമ്മർ ഓർമയായിട്ട്  പതിനേഴ് വർഷം

കോഴിക്കോട് -  മലയാള സിനിമാ ലോകത്ത് സുന്ദരനായ വില്ലനായി അറിയപ്പെട്ടിരുന്ന കോഴിക്കോടിന്റെ കലാകാരൻ കെ.പി. ഉമ്മർ ഓർമയായിട്ട് പതിനേഴ് വർഷമാകുമ്പോഴും ജന്മനാട്ടിൽ അദ്ദേഹത്തിന്റെ സംഭാവനകൾ ഓർമിച്ചെടുക്കാനുള്ള സ്മാരകങ്ങളൊന്നുമില്ല.
കോഴിക്കോട്ടുകാരനാണെന്നതിൽ ഏറെ അഭിമാനിക്കുകയും അത് തന്റെ സിനിമാലോകത്തെ സുഹൃത്തുക്കളോട് എപ്പോഴും അഭിമാനത്തോടെ പറയുകയും ചെയ്ത നടനായിരുന്നു കെ. പി. ഉമ്മർ. ഇതുകൊണ്ടു തന്നെ സിനിമാക്കാർക്കിടയിൽ കെ. പി. ഉമ്മർ സംസാരിക്കുവാൻ തുടങ്ങുമ്പോൾ അതാ കോഴിക്കോടൻ ബഡായി തുടങ്ങുകയായി എന്നൊരു ചൊല്ലുതന്നെയുണ്ടായിരുന്നു. ഇദ്ദേഹമായിരുന്നു ഒരു കാലം വരെ സിനിമാക്കാർക്കിടയിൽ കോഴിക്കോടിന്റ കലാകാരന്മാരിൽ പ്രഥമ സ്ഥാനീയൻ. ഇതുകൊണ്ടാണ് 'അമ്മ' കോഴിക്കോട്ട് താരനിശ സംഘടിപ്പിച്ചപ്പോൾ പ്രസ്തുത നഗരിയുടെ പേര് കെ.പി. ഉമ്മർ നഗർ എന്നു തന്നെ നാമകരണം ചെയ്തത്. പക്ഷേ എന്നും കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന കോഴിക്കോട്ടുകാർ ഇപ്പോൾ അദ്ദേഹത്തെ മറന്നുപോയതു പോലെയാണ്. ഈ പതിനേഴു വർഷങ്ങൾക്കിടയിൽ വളരെക്കുറച്ചു തവണയാണ് ഇദ്ദേഹത്തെക്കുറിച്ച് അനുസ്മരണം തന്നെ കോഴിക്കോട്ട് നടന്നത്. അതും ഏതെങ്കിലും ഹോട്ടൽ മുറികളിൽ കൈവിരലിലെണ്ണാവുന്നവർ മാത്രമുള്ള ചടങ്ങുകളിലായിരുന്നു.
2001 ഒക്‌ടോബർ 29 നാണ് കെ.പി. ഉമ്മർ ചെന്നൈയിൽ മരണപ്പെടുന്നത്. ഇതിനു ശേഷം പലതവണ ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് അനുസ്മരിക്കുന്ന എന്തെങ്കിലുമുണ്ടാകണമെന്ന ചർച്ച ഉണ്ടാകാറുണ്ടെങ്കിലും പ്രായോഗികരൂപത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല. കോഴിക്കോട് കോർപറേഷൻ അധികാരികളുടെ മുന്നിലും ഈ വിഷയം പല പ്രാവശ്യം എത്തിയിരുന്നെങ്കിലും ടൗൺ ഹാളിൽ കെ.പി. ഉമ്മറിന്റെ ഒരു ഫോട്ടോ പോലും ഇതുവരെ അനാഛാദനം  ചെയ്യുകയോ, അദ്ദേഹത്തിന്റെ പേര് നഗരത്തിലെ ഒരു റോഡിനിടുകയോ കോർപറേഷൻ അധികൃതർ ചെയ്തിട്ടില്ലെന്ന് ആദ്യ കാലത്ത് ഉമ്മറിന്റെ ചെന്നൈയിലെ അയൽവാസിയായിരുന്ന പ്രവാസി മലയാളി ഇഫ്തിക്കർ (ദുബായ്) മലയാളം ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട്ടെ നാടകവേദിക്ക് ഏറെ സംഭാവനകൾ നൽകിയ പഴയകാല വ്യക്തിത്വങ്ങളിൽ പ്രമുഖനായിരുന്നു കെ.പി. ഉമ്മർ.  മലയാള സിനിമാ ലോകത്ത് കോഴിക്കോടിന്റെ പ്രധാന സംഭാവനകളായി കേരളം വിലയിരുത്തിയിരുന്ന കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്‌കരൻ തുടങ്ങിയ അനേകം നടന്മാരെപ്പോലെ, ഒരുപക്ഷേ ഇവരെക്കാളെല്ലാമപ്പുറം നസീറിന്റെയും സത്യന്റെയും കാലഘട്ടത്തിൽ തന്നെ കോഴിക്കോടിനെ മലയാള സിനിമാലോകത്ത് തന്റേതായ മുഴക്കമുള്ള ശബ്ദത്തിലൂടെ പ്രകടിപ്പിച്ച ആ സുന്ദരനായ വില്ലന്റെ സംഭാവനകൾ ഓർമിപ്പിക്കുന്ന എന്തെങ്കിലും സ്മാരകം കോർപറേഷന്റെ  ആനക്കുളത്തെ സാംസ്‌കാരിക കേന്ദ്രത്തിലെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പഴയകാല സിനിമാസ്വാദകർ. എന്നാൽ മാസങ്ങൾക്ക് മുൻപ് പുതുതലമുറയിലെ പലരുടെയും പേരുകൾ വരെ സാംസ്‌കാരിക കേരളത്തിലെ വിവിധ ഹാളുകൾക്കിട്ടപ്പോൾ കെ.പി. ഉമ്മർ, കുഞ്ഞാണ്ടിപോലുള്ളവരെ അപ്പോഴും കോർപറേഷൻ അധികൃതർ മറക്കുകയായിരുന്നു.

Latest News