കറാച്ചി- ഒരു വര്‍ഷം കഷ്ടപ്പെട്ട് ഓട്ടോ ഓടിച്ച് മിച്ചം പിടിച്ചാണ് കറാച്ചിയിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ് റശീദ് മകള്‍ക്ക് ഒരു സൈക്കിള്‍ വാങ്ങാന്‍ 300 രൂപ ഒപ്പിച്ചത്. ഏതാണ്ട് ഇതെ കാലയളവില്‍ ഉപയോഗിക്കാതെ കിടക്കുന്ന തന്റെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ 300 കോടി രൂപ മാറിമറിഞ്ഞു പോയിട്ടുണ്ടെന്ന് അറിഞ്ഞ റശീദ് അന്തംവിട്ടു പോയത് ഈയിടെയാണ്. റശീദ് ഇന്ന് ഭയചകിതനായാണ് കഴിയുന്നത്. ഇതറിഞ്ഞ ഞാനാകെ വിയര്‍ത്തു വിറച്ചു- 43കാരനായ ഈ ഓട്ടോ ഡ്രൈവര്‍ പറയുന്നു. പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച കള്ളപ്പണ ഇടപാടുകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് റശീദ്. പാക്കിസ്ഥാന്റെ ദേശീയ അന്വേഷണ സംഘമായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയില്‍ നിന്ന് ആദ്യ വിളി വന്നപ്പോള്‍ എവിടെയെങ്കിലും പോയി ഒളിക്കാനായിരുന്നു റശീദ് പദ്ധതി. എന്നാല്‍ സുഹൃത്തുക്കുളും ബന്ധുക്കളും നിര്‍ബന്ധിച്ച് അന്വേഷണത്തോട് സഹകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ഭാഗങ്ങളില്‍ നിന്ന് റശീദിനെ പോലെ നിരവധി പാവങ്ങളുടെ കോടികളുടെ ഇടപാടു കഥകളാണ് പത്രങ്ങളിലെല്ലാം നിരന്തരം പ്രത്യക്ഷപ്പെടുന്നത്. ഈ വാര്‍ത്തകള്‍ മുച്ചൂടും അഴിമതിയില്‍ മുങ്ങി കൊള്ളനടത്തി കഴിയുന്ന ഒരു വലിയ വിഭാഗത്തിന്റെ ഉറക്കം കെടുത്തിയിട്ടുമുണ്ട്. എല്ലായിടത്തും സംഭവം സമാനമാണ്. അന്നന്നത്തെ അന്നം കണ്ടെത്താന്‍ തന്നെ പ്രയാസപ്പെടുന്ന ദിരദ്രരുടെ ഉപയോഗിക്കാത്ത ബാങ്കു അക്കൗണ്ടുകളിലൂടെ കടന്നു പോയിരിക്കുന്നത് കോടാനകോടികള്‍. ഇതുവഴി കള്ളപ്പണക്കാര്‍ വെളുപ്പിച്ച പണം വിദേശത്തേക്ക് ഒഴുക്കിയിരിക്കുകയാണ്. ഇവരെ തെരഞ്ഞു പിടിക്കാനാണ് പ്രധാനമന്ത്രി ഖാന്റെ ഉത്തരവ്.
അന്വേഷണങ്ങള്‍ക്കൊടുവില്‍ റശീദ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും കേസില്‍ നിന്നൊഴിവാക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും റശീദിന്റെ ആധി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോള്‍ റോഡില്‍ റിക്ഷ ഓടിക്കുന്നത് നിര്‍ത്തി. ഏതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെത്തി പിടികൂടുമോ എന്ന ഭയം വിട്ടൊഴിയുന്നില്ല. ഈ സംഭവത്തോടെ മാനസിക പിരിമുറക്കം മൂലം ഭാര്യ രോഗിയായി മാറി- റശീദ് പറയുന്നു. ഈ ദുരവസ്ഥ വന്നു ചേരുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പ് മാത്രമാണ് മകള്‍ക്ക് 300 രൂപയുടെ പഴയൊരു സൈക്കിള്‍ വാങ്ങിക്കൊടുക്കാനായതെന്ന് റശീദ് പറയുന്നു.
അഴിമതിയിലൂടെയും കള്ളപ്പണം വെളുപ്പിച്ചും രാജ്യത്തിനു പുറത്തേക്ക് ശതകോടിക്കണക്കിന് രൂപ കടത്തിയ ഒരുത്തനേയും വെറുതെ വിടില്ലെന്ന ഇംറാന്‍ ഖാന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് പാക്ക് ഏജന്‍സികള്‍ കള്ളപ്പണക്കാരെ തെരഞ്ഞുപിടിക്കാനുള്ള നിക്കങ്ങള്‍ ആരംഭിച്ചത്. ഇത് ജനങ്ങളുടെ പണം മോഷ്ടിക്കപ്പെട്ടതാണ്. ഈ പൊതു പണം പല അക്കൗണ്ടുകള്‍ വഴി വിദേശത്തേക്ക് കടത്തിയിരിക്കുന്നു. ഈ രാജ്യത്തെ അഴിമതിക്കാരനായ ഒരുത്തനേയും വെറുതെ വിടില്ല- അധികാരമേറ്റയുടന്‍ ഇംറാന്‍ ഖാന്‍ നടത്തിയ വാഗ്ദാനമായിരുന്നു ഇത്.
എന്നാല്‍ മുഹമ്മദ് ഖദിറിനെ പോലുള്ള ഇരകള്‍ക്ക് സംഭവിക്കാനുള്ള നഷ്ടങ്ങള്‍ ഇതിനകം സംഭവിച്ചു കഴിഞ്ഞിരുന്നു. ജീവിതത്തിലൊരിക്കലും ഒരു ബാങ്കിന്റെ അകം കാണാത്തയാളാണ് ഞാന്‍- 52കാരനായ ഈ ഐസ്‌ക്രീം കച്ചവടക്കാരന്‍ പറയുന്നു. എങ്കിലും ഖദിറിന്റെ ബാങ്ക് അക്കൗണ്ടില്‍ നടന്നിരിക്കുന്നത് 225 കോടി രൂപയുടെ ഇടപാടുകളാണ്. ഈ വാര്‍ത്ത പുറത്തു വന്നതോടെ അയല്‍ക്കാര്‍ സ്ഥിരമായി കളിയാക്കാന്‍ തുടങ്ങി. എന്റെ പക്കല്‍ പണമുണ്ടെന്ന് കരുതി വല്ല ക്രിമിനലുകളും തട്ടിക്കൊണ്ടു പോകുമോ എന്ന ഭയത്തിലാണ് ഖദിര്‍ കഴിയുന്നത്. അദ്ദേഹമൊരു ദരിദ്ര കോടീശ്വരനാണ്- ഖദിറിന്റെ ഒരു കൂട്ടുകാരന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. കറാച്ചിയിലെ ഒറാംഗി ടൗണിലെ ഒരു ചേരിയില്‍ ഉന്തുവണ്ടിയില്‍ ഐസ്‌ക്രീം വില്‍ക്കുകയാണ് ഖദീറിന്റെ ജോലി. ആളുകളെല്ലാം പരിഹസിച്ചു ഞാന്‍ ഒരു വഴിക്കായി. ഈ സംഭവത്തോടെ ഒന്നുമില്ലാത്തവനായി മാറി. വല്ലാത്ത ദുരന്തം തന്നെ- ഖദീര്‍ നെടുവീര്‍പ്പിട്ടു.
തനിക്കു ലഭിച്ച 130 കോടി നികുതിയുടെ ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് 56കാരിയായ സര്‍വത് സെഹ്‌റ എന്ന ഉദ്യോഗസ്ഥ. ഇതോടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നു അവശയായി. ഒരു കമ്പനി എന്റെ അക്കൗണ്ടിലൂടെ 1500 കോടി അനധികൃതമായി വിദേശത്തേക്ക് കടത്തിയിരിക്കുന്നുവെന്നാണ് അന്വേഷണ ഏജന്‍സി അറിയച്ചത്- സര്‍വത് പറയുന്നു.
വന്‍ നികുതി വെട്ടിപ്പിനും ആസ്തികള്‍ വാരിക്കൂട്ടുന്നതിനും ഉന്നതര്‍ ദരിദ്രരെ മറയാക്കുന്നത് പാക്കിസ്ഥാനില്‍ ഒരു പുതുമയുള്ള സംഭവമല്ല. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മുഖേന നടന്നിട്ടുള്ള ഇപ്പോള്‍ പുറത്തു വന്ന ഇടപാടുകള്‍ പ്രതീക്ഷിച്ചതിനു അപ്പുറത്താണ്. മുന്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരിയുമായി ബന്ധമുള്ളവടരടക്കം കറാച്ചിയിലെ ഉന്നതരും അതിസമ്പന്നരുമായവര്‍ക്കു നേരേയാണ് അധികൃതരുടെ സംശയങ്ങള്‍ നീളുന്നത്.
ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ വഴി 400 ദശലക്ഷം യുഎസ് ഡോളറിനു തുല്യമായ രൂപ പുറത്തേക്ക് ഒഴുകിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെപ്തംബറിലാണ് ഇത് അന്വേഷിക്കാന്‍ സുപ്രീം കോടതി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ഈ വന്‍ അഴിമതിയില്‍ 600ഓളം കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടെന്നാണ് കമ്മീഷന്റെ നിഗമനം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന്‍ വിദേശത്ത് നിന്നും സാമ്പത്തിക സഹായങ്ങളും രാജ്യാന്തര നാണ്യ നിധിയില്‍ നിന്ന് ഇളവുകളും തേടിക്കൊണ്ടിരിക്കുമ്പോള്‍ ഈ കഥ പുറത്തു വരുന്നത് സര്‍ക്കാരിന് വലിയ നാണക്കേടായിരിക്കുകയാണ്. ഭീകരര്‍ക്കുള്ള ധനസഹായം തടയുന്നതില്‍ പരാജയപ്പെട്ടതിന് പാക്കിസ്ഥാനെ രാജ്യാന്തര കള്ളപ്പണ നിരീക്ഷണ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വീണ്ടും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ഈയിടെയാണ്. ഇതിനിടെയാണ് ഈ നാണംകെടുത്തുന്ന കള്ളപ്പണ ഇടപാടുകള്‍ പുറത്തു വന്നിരിക്കുന്നത്.