കൊളംബോ- ഭരണ സഖ്യത്തിലെ അസ്വാരസ്യത്തെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പെട്രോളിയം മന്ത്രിയും മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ അര്‍ജുന രണതുംഗെയുടെ അംഗരക്ഷകന്‍ ആള്‍ക്കൂട്ടത്തിനു നേര്‍ക്കു വെടിവയ്പ്പാക്രമണം നടത്തി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പ്രസിഡന്റ് മൈത്രിപാല സിരിസേന ശനിയാഴ്ച മന്ത്രി സഭ പിരിച്ചു വി്ട്ട് പാര്‍ലമെന്റ് മരവിപ്പിച്ചിരുന്നു. ഞായറാഴ്ച സര്‍ക്കാരിനു കീഴിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷനിലെ തന്റെ ഓഫീസിലേക്ക് രണതുംഗെ പ്രവേശിക്കുന്നതിനിടെയാണ് അംഗരക്ഷകന്‍ ആള്‍ക്കുട്ടത്തിലേക്കു വെടിവച്ചത്. ഈ ആള്‍ക്കുട്ടം രണതുംഗെയെ തടയാനെത്തിവരായിരുന്നെന്നും റിപോര്‍ട്ടുണ്ട്. വെടിവച്ച സുരക്ഷാ ഗാര്‍ഡിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ പുറത്താക്കി മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്ഷെയെ പ്രധാനമന്ത്രിയായി സിരിസേന നിയമിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. വിക്രമസിംഗെ പ്രധാനമന്ത്രിയായി തുടരാനുള്ള പിന്തുണ നേടിയിട്ടുണ്ടെന്നും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയെന്നും സ്പീക്കര്‍ ഞായറാഴ്ച പറഞ്ഞു.