ദുബായ്- കോടീശ്വരന്മാരുടെ സ്വര്‍ഗം. യു.എ.ഇ ഉള്‍പ്പെടുന്ന മിഡില്‍ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയാണ് (മെന) ലോകത്ത് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതെന്ന് പുതിയ പഠനം. ഇവരെല്ലാം തന്നെ സ്വന്തം അധ്വാനം കൊണ്ട് ഉയര്ന്നുവന്നവരാണ്താനും.
മേഖലയില്‍ 2017 വരെയുള്ള കണക്കനുസരിച്ച് 52 കോടീശ്വരന്മാരാണുള്ളത്. അതായത് ഒരു ബില്യന്‍ ഡോളര്‍ (നൂറു കോടി) എങ്കിലും സ്വത്തുള്ളവര്‍. ഇവരില്‍ മുക്കാല്‍ഭാഗവും സ്വന്തമായി കഠിനാധ്വാനത്തിലൂടെ ഈ പദവിയിലെത്തിയവരാണ്. ബാക്കിയുള്ളവര്‍ പൈതൃകസ്വത്തുമൂലവും.
2018 ലെ യു.ബി.എസ്/പി.ഡബ്ലിയു.സി ബില്യനേഴ്സ് റിപോര്‍ട്ടാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പന്നരുള്ള അമേരിക്കയില്‍പോലും സ്വന്തം അധ്വാനം കൊണ്ട് ഉയര്‍ന്നവരുടെ എണ്ണം മധ്യപൗരസ്ത്യദേശത്തെ അപേക്ഷിച്ച് കുറവാണ്.
യു.എ.ഇയില്‍മാത്രം സ്വയം കോടീശ്വര പദവിയിലേക്കെത്തിയ 22 പേരുണ്ടെന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ച വരെയുള്ള ഹ്യൂമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കണക്ക്. ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും കൂടുതലാണിത്. എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. ഇതില്‍ പകുതിയും കുടിയേറ്റക്കാരാണെന്നും അതിലേറെയും ഇന്ത്യക്കാരാണെന്നും പഠനം വ്യക്തമാക്കുന്നു.
പഠനത്തിലെ രസകരമായൊരു വിവരം ചൈനയെക്കുറിച്ചുള്ളതാണ്. എല്ലാ ആഴ്ചയിലും ഇവിടെ പുതുതായി രണ്ട് കോടീശ്വരന്മാരെങ്കിലുമുണ്ടാകുന്നുവത്രെ. 2017 വരെയുള്ള കണക്കനുസരിച്ച് 373 കോടീശ്വരന്മാരാണ് ചൈനയിലുള്ളത്. ഇവരുടെ മൊത്തം ആസ്തി 39 ശതമാനം വര്‍ധിച്ച് 1.12 ട്രില്യന്‍ ആയതായും കണക്കുകള്‍ പറയുന്നു. ലോകമെമ്പാടുമുള്ള കണക്കെടുത്താല്‍, 2158 കോടീശ്വരന്മാരാണുള്ളത്.