Sorry, you need to enable JavaScript to visit this website.

ശബരിമല പ്രശ്‌നങ്ങൾക്കു പിന്നിൽ ആർ.എസ്.എസ്; പിണറായി വിജയന്റെ നിലപാട് സ്വാഗതാർഹം-കനിമൊഴി

മനാമ- ശബരിമല വിഷയം മുതലെടുത്ത് ആർ.എസ്.എസ് നേതൃത്വത്തിലുള്ള സംഘപരിവാരം തീ ആളികത്തിക്കുകയാണെന്ന് ഡി.എം.കെ നേതാവും കവിയത്രിയുമായ കനിമൊഴി എം.പി പറഞ്ഞു. ശബരിമല സംഘപരിവാർ രാഷ്ട്രീയവൽക്കരിക്കുകയാണ്. ഇപ്പോൾ ശബരിമലയിിെല പ്രശ്‌നങ്ങൾക്കു പിന്നിൽ പൂർണമായും സംഘപരിവാറാണെന്നും കേരളം എല്ലായിപ്പോഴും ഒരു പുരോഗമന സംസ്ഥാനമാണന്നതാണ് ഇതിനു കാരണമെന്നം അവർ പറഞ്ഞു. ശബരിമല വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി കനിമൊഴി പറഞ്ഞു. അദ്ദേഹം ശകതമായ നിലപാട് എടുത്തത് ഏറെ ആഹ്ലാദകരമാണ്. രാഷ്ട്രീയമോ മറ്റോ ആയ ഒരുവിധ സമ്മർദ്ദത്തിനും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.
ഡിഎംകയുടെ പ്രവാസി സംഘടനയായ കലൈഞ്ജർ ചെമ്മാഴി പേരവൈ സമ്മേളനത്തിൽ പങ്കെടുക്കാൻ ബഹ്‌റൈനിൽ എത്തിയ അവർ 'മലയാളം ന്യൂസു'മായി സംസാരിക്കുകയായിരുന്നു.

വിവേചനം പാടില്ല
ജാതി, വംശം, നിറം, ലിംഗം എന്നിവയുടെ പേരിൽ ജനങ്ങൾക്ക് ഒരിടവും നിഷേധിക്കരുത്. ആരാധന സ്ഥലം, പാർലമെന്റ്, വിദ്യാഭ്യാസ എന്നിവയൊന്നും ഇതിൽനിന്നും മാറ്റി നിർത്തരുത്. ഒരിടത്ത് പ്രവേശിക്കാനും അവിടെതന്നെ നിലനിൽക്കാനുമുള്ള ഒരാളുടെ അവകാശം തടയാൻ മറ്റാർക്കും അധികാരമില്ല. ഒരാൾക്ക് സത്യസന്ധമായി ഒരു മതത്തിൽ വിശ്വസിച്ച് ആരാധന നടത്താൻ എല്ലാ അവകാശവുമുണ്ടെങ്കിൽ പിന്നെ എന്തിന് സ്ത്രീകൾക്ക് സ്ത്രീകളായതുകൊണ്ടു മാത്രം ആരാധനക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കണമെന്ന് കനിമൊഴി ചോദിച്ചു. സ്ത്രീകളാണെന്നതിനാലും കുട്ടികളെ പ്രസിവിക്കുന്നു എന്നതിനാലും ആരും സ്ത്രീകളെ അവജ്ഞയോടെ കാണേണ്ടതില്ല. യാഥാർഥത്തിൽ അവരതിന് ബഹുമാനിക്കപ്പെടുകയും പരിഗണിക്കപ്പെടുകയുമാണ് വേണ്ടതെന്ന് അവർ ചൂണ്ടിക്കാട്ടി. 

രാജ്യത്ത് ഭീകര വാഴ്ച
മോഡി സർക്കാർ അധികാരമേറിയ ശേഷം രാജ്യത്ത് ഭീകര വാഴ്ചയാണെന്ന് കനിമൊഴി പറഞ്ഞു. സർക്കാരിനെ വിമർശിക്കുന്നവർക്കും എതിർക്കുന്നവർക്കും ചോദ്യം ചെയ്യുന്നവർക്കുമെതിരെ അസഹിഷ്ണുതയാണ്. മതപരമായ അസഹിഷ്ണുതയും അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു നേരെയുള്ള അസഹിഷ്ണുതയുമാണ് ഇവർ കാണിക്കുന്നത്. കഴിഞ്ഞ ദിവസം മദ്രസ വിദ്യാർഥിയുടേതടക്കം ഈ സർക്കാർ അധികാരമേറിയ ശേഷം നിരവധി ആൾക്കൂട്ട കൊലപാതകം അരങ്ങേറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എങ്ങിനെയാണ് ന്യൂനപക്ഷങ്ങളും ദളിതരും സ്ത്രീകളും കൈകാര്യം ചെയ്യപ്പെട്ടതെന്ന് നാം കണ്ടു. പത്രപ്രവർത്തകരും നിരൂപകരും എഴുത്തുകാരും നമുക്ക് നഷ്ടപ്പെട്ടു. അടിയന്തിരാവസ്ഥയെ എതിർക്കുന്ന ബിജെപിയും അതിന്റെ നേതാക്കളും അതിനേക്കാളും മോശമായ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് രാജ്യത്തെ കൊണ്ടുപോകുന്നത്. എങ്ങാണ്ടുന്നോ വരുന്ന ഇടിയും മിന്നലും പോലെയാണിത്. ജനാധിപത്യ രാജ്യത്ത് ചർച്ചക്കും സംവാദത്തിനും പൂർണമായും ഇടമില്ലാതായിരിക്കയാണ് ഇവർ. ന്യൂനപക്ഷവും ദളിതരും ഭീതിയിലാണ്കനിമൊഴി പറഞ്ഞു.

ഡിഎംകെ തിരിച്ചുവരും
അസംബ്ലി തെരഞ്ഞടുപ്പും പാർലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുമോ എന്ന കാര്യം പ്രവചിക്കാൻ പറ്റില്ല. എന്നാൽ, കഴിഞ്ഞ ദിവസത്തെ കോടതി വിധിയുടെ പാശ്ചാത്തലത്തിൽ നടക്കാൻ പോകുന്ന  ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിക്കും. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ അവസരങ്ങൾ ശോഭനമാണ്. ഡിഎംകെ ശക്തമായി തിരിച്ചുവരും. ഭരണം ഞങ്ങൾക്ക് ഉറപ്പുവരുത്തുന്ന നടപടികളാണ് എഐഎഡിഎംകെ സ്വീകരിക്കുന്നതെന്ന് അവർ പരിഹസിച്ചു. ഭരണം ഇല്ലാത്ത കാഴ്ചയാണ് തമിഴ്‌നാട്ടിൽ എങ്ങും. ഒരു വ്യവസായവും വരുന്നില്ല. വികസനം തീരെയില്ല. സംസ്ഥാനം നിശ്ചലമായിരിക്കയാണ്. നീറ്റ് പരിക്ഷ പോലെ സംസ്ഥാനത്തിന്റെ എല്ലാ അവകാശങ്ങളും എഐഡിഎംകെ മന്ത്രിസഭ കേന്ദ്രത്തിന് അടിയറ വെച്ചു. വിദ്യഭ്യാസ മേഖല ആകെ കുത്തഴിഞ്ഞു. ഗുട്ക കുംഭകോണം പോലെ അഴിമതി ആരോപണങ്ങൾ ഭരിക്കുന്ന എഐഡിഎംകെക്കെതിരെ ഓരോ ദിവസവും ഉയർന്നുവരുന്നു. തൂത്തുകുടയിൽ പ്രക്ഷോഭം എങ്ങിനെയാണ് സർക്കാർ കൈകാര്യം ചെയ്തതെന്ന് കണ്ടു. 30 ഓളം പേരെ കൂട്ട കശാപ്പു ചെയ്യുകയായിരുന്നു സർക്കാർ. സേലം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭം ഉയർന്നുവരുന്നു. എന്നാൽ പ്രതിഷേധക്കാരെ നിഷ്ഠൂമായാണ് സർക്കാർ നേരിടുന്നത്. ഞങ്ങൾ ജനങ്ങൾക്ക് ഒപ്പമാണ്. ഈ സർക്കാരിനെ താഴെയിറക്കാൻ അവസരം പാർത്തിരിക്കയാണ് ജനങ്ങൾ.

തൂത്തുകുടി തീരുമാനിച്ചിട്ടില്ല
ലോകസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമുണ്ട്. എന്നാൽ ഏതു മണ്ഡലത്തിൽനിന്നും മത്സരിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. പാർടി നേതൃത്വമാണ് മത്സരിക്കണമോ വേണ്ടയോ എന്നൊക്കെയുള്ള കാര്യം തീരുമാനിക്കേണ്ടത്. ഡിഎംകെയിൽ അഭ്യന്തര പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. സ്റ്റാലിന്റെ നേതൃത്വതഎ്തിൽ പാർടി ശകതമാണ്. 

തമിഴർക്ക് ബിജെപി എന്താണെന്ന് അറിയാം
വാജ്‌പേയിയുടെ കാലത്തുള്ള ബിജെപിയല്ല ഇന്നുള്ളത്. ഇപ്പോൾ ആർഎസ്എസും നാഗ്പൂരുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ആ ഐഡിയോളജി വളരെ ശക്തമാണ്. അന്ന് അവരുമായി ബന്ധമുണ്ടായിരുന്നെങ്കിലും അതൊന്നും ബിജെപിക്ക് തമിഴ്‌നാട്ടിൽ സ്വീകാര്യത ഉണ്ടാക്കിയിട്ടില്ല.  ബിജെപിക്ക് തമിഴ്‌നാട്ടിൽ ഒരു സ്ഥാനവുമില്ല. ഇന്ന് ശക്തമായ ബിജെപി വിരുദ്ധ മനോഭാവം തമിഴ്‌നാട്ടിലുണ്ട്. മുൻപ് കേരളത്തോട് അടുത്ത കന്യാകുമാരിയിൽ ഒരു സീറ്റിൽ വിജയിച്ചതല്ലാതെ ബിജെപിക്ക് ഇന്നും ഒരു ചലനവും അവിടെ ഉണ്ടാക്കാനായിട്ടില്ല. ആ തെറ്റ് ജനങ്ങൾ തിരിച്ചറിഞ്ഞു. അവിടെ പല മണ്ഡലങ്ങളിലും നോട്ടക്ക് പിന്നിലാണ് ബിജെപി. തമിഴ് ജനതക്ക് ബിജെപി എന്താണെന്ന് നല്ലപോലെ അറിയാമെന്നും കനിമൊഴി പറഞ്ഞു.

മീ ടു കാമ്പയിൻ
തങ്ങൾ നേരിട്ട പീഡനവും അപമാനവും സ്ത്രീകൾ തുറന്നു പറയാൻ മടിച്ചിരുന്നു. മീടു കാമ്പയിൻ വന്നതോടെ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ചു പറയാൻ അവർ മുന്നോട്ടു വരുന്നു. സ്ത്രീകൾക്ക് ലിംഗ സമത്വവും ബഹുമാനവും ഒക്കെ നൽകാൻ ഒരു അന്തരീക്ഷം ഉണ്ടാക്കാൻ ഈ കാമ്പയിന് കഴിയും. സ്ത്രീകൾക്ക് ഏതെങ്കിലും ഒരു ഇടം സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല. വീടു പോലും സുരക്ഷിതമല്ലാത്ത അവസഥയാണ്.  കനിമൊഴി പറഞ്ഞു.
 

Latest News