ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി രംഗത്ത്. പാവങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ അയോധ്യയിലെ ക്ഷേത്ര തര്‍ക്കം ഉപയോഗപ്പെടുത്തുകയാണെന്നും മന്ത്രി ഓംപ്രകാശ് രാജ്ഭര്‍ ആരോപിച്ചു. കാര്യങ്ങള്‍ ശരിയായ ദിശയിലല്ലെങ്കില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി. ബി.ജെ.പി സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് രാജ്ഭര്‍. സഖ്യകക്ഷിയാണെങ്കിലും ബി.ജെ.പി സര്‍ക്കാരിന്റെ പാളിച്ചകള്‍ തുറന്നുകാട്ടി ഇടക്കിടെ രംഗത്തു വരാറുണ്ട് രാജ്ഭര്‍.
ഞാന്‍ ഈ പദവിയിലിരിക്കുന്നത് അധികാരത്തിന്റെ സ്വാദ് അറിയാനല്ല. പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളാനാണ്. ഞാന്‍ ഈ ജോലിയാണോ ചെയ്യേണ്ടത് അതോ ബി.ജെ.പിയുടെ അടിമയായി തുടരണോ? ഒരു പാര്‍ട്ടി ഓഫീസ് പോലും ഉണ്ടാക്കാന്‍ അവര്‍ ഞങ്ങളെ അനുവദിച്ചിട്ടില്ല,' രാജ്ഭര്‍ പറഞ്ഞു.
ഭരണത്തില്‍ പാളിച്ചകള്‍ പരസ്യമാകുമ്പോഴെല്ലാം വര്‍ഗീയമായ പ്രശ്‌നങ്ങള്‍ എടുത്തിട്ട് ശ്രദ്ധതിരിക്കുന്നത് ബി.ജെ.പി സര്‍ക്കാരിന്റെ പതിവാണ്. ബി.ജെ.പിയെ കുറിച്ച് ഞാന്‍ ആശയക്കുഴപ്പത്തിലാണ്. പാവങ്ങളുടെ അവകാങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം അവര്‍ ക്ഷേത്രങ്ങളേയും പള്ളികളേയും ഹിന്ദുക്കളേയും മുസ്ലിംകളേയും കുറിച്ചൊക്കെ പറയാന്‍ തുടങ്ങും- മന്ത്രി പറഞ്ഞു.