ന്യുദല്‍ഹി- ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനത്തെ കുറിച്ച് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി നടത്തിയ പരാമര്‍ശങ്ങളെ ചൊല്ലി വിവാദം. വിഭജനത്തിന്റെ ഉത്തരവാദി പാക്കിസ്ഥാന്‍ മാത്രമല്ലെന്നും ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്കും ഇതില്‍ തുല്യ ഉത്തരവാദിത്വമുണ്ടെന്നുമാണ് അന്‍സാരി കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പ്രസംഗിക്കവെ പറഞ്ഞത്. നമുക്ക് കൂടി തുല്യ ഉത്തരവാദിത്വമുണ്ടെന്ന വസ്തുക അംഗീകരിക്കാന്‍ നാം തയാറാല്ല. അതിര്‍ത്തിക്കപ്പുറത്തുള്ളവരും ബ്രിട്ടീഷുകാരുമാണ് ഇന്ത്യയെ വിഭജിച്ചതെന്ന് വിശ്വസിക്കാനാണ് ജനങ്ങള്‍ക്ക് ഇഷ്ടം. എന്നാല്‍ തുല്യ ഉത്തരവാദിത്വം ആരും സമ്മതിക്കുന്നില്ല- അന്‍സാരി പറഞ്ഞതായി എ.എന്‍.ഐ റിപോര്‍ട്ട് ചെയ്യുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രസംഗവും അന്‍സാരി ഉദ്ധരിച്ചു.ഏറെ ചര്‍ച്ച ചെയ്താണ് ഈ വിഭജന തീരുമാനം കൈക്കൊണ്ടതെന്ന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു നാലു ദിവസം മുമ്പ് 1974 ഓഗസ്റ്റ് 11ന് പട്ടേല്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. നേരത്തെ വിഭജനത്തെ എതിര്‍ത്തിരുന്നെങ്കിലും ഇന്ത്യയെ ഒന്നിപ്പിക്കാന്‍ വിഭജനം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടതായും പട്ടേല്‍ പറഞ്ഞിരുന്നു. ഇതെല്ലാം പട്ടേലിന്റെ ചരിത്ര രേഖകളില്‍ ലഭ്യമായ വിവരങ്ങളാണെന്നും അന്‍സാരി ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറിയതോടെ ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നായി. അങ്ങനെയാണ് മുസ്ലിംകള്‍ ബലിയാടുകളായതെന്നും വിഭജനത്തെ ചൊല്ലി പഴിക്കേള്‍ക്കേട്ടി വന്നതെന്നും അന്‍സാരി പറഞ്ഞു.
അന്‍സാരിക്കെതിരെ ബി.ജെ.പി രംഗത്തു വന്നു. മാപ്പു പറയണമെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.