ലെസ്റ്റര്‍ഷെയര്‍- തായ് വ്യവസായ പ്രമുഖനും ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ ലെസ്റ്റര്‍ സിറ്റി ഉടമയുമായ വിചായ് ശ്രീവദ്ധനപ്രഭ ലെസ്റ്ററിലെ സ്റ്റേഡിയത്തിനു പുറത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രീമിയര്‍ ലീഗ് മത്സരത്തിനു ശേഷം ക്ലബിന്റെ ആസ്ഥാന സ്റ്റേഡിയത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടന്‍ ആയിരുന്നു ദുരന്തം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ക്ലബിലെ കാര്‍ പാര്‍ക്കിലേക്ക് പതിച്ച കോപ്റ്റര്‍ തീഗോളമായി കത്തിയമര്‍ന്നു. വിചായ് ഈ കോപ്റ്ററിലുണ്ടായിരുന്നതായി നേരത്തെ വിവരമുണ്ടായിരുന്നില്ല. ക്ലബിന്റെ ഉടമസ്ഥതയിലുള്ളതാണ് കോപ്റ്റര്‍. കിങ് പവര്‍ സ്റ്റേഡിയത്തിനു മുകളില്‍ നിന്ന് പറന്നു നീങ്ങിയ ഉടന്‍ തന്നെ കോപ്റ്റര്‍ താഴേക്കു പതിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനവുമായി വളരെ പിറകിലായിരുന്ന ലെസ്റ്ററിനെ 2010ലാണ് വിചായ് സ്വന്തമാക്കിയത്. പിന്നീട് പണമെറിഞ്ഞ് ടീമിനെ ഉയര്‍ത്തിക്കൊണ്ടു വന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി എന്നീ പ്രമുഖ ടീമുകളെ തറപറ്റിച്ച് 2016ല്‍ ലെസറ്റര്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടി ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. തായ്‌ലാന്‍ഡ് ആസ്ഥാനമായ കിങ് പവര്‍ ഡ്യൂട്ടി ഫ്രീ കമ്പനി 1989ലാണ് വിചായ് സ്ഥാപിച്ചത്. തായ് എയര്‍പോര്‍ട്ടുകളിലെ ഡ്യൂട്ടി ഫ്രീ കുത്തകയാണ് കിങ് പവര്‍. ലെസറ്ററിനെ കുടാതെ ഒരു ബെല്‍ജിയന്‍ ഫുട്‌ബോള്‍ ക്ലബും വിചായ് സ്വന്തമാക്കിയിട്ടുണ്ട്.