മുംബൈ- അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌ക്കറിന് ജയിലില്‍ ബിരിയാണിയും സിഗരറ്റും എത്തിച്ചു കൊടുത്ത അഞ്ച് പോലീസുകാരെ മഹാരാഷ്ട്ര പോലീസ് സസ്‌പെന്‍ഡ് ചെയ്തു. കസ്‌ക്കറിന് പ്രത്യേക സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതിന് നടപടിക്കു വിധേയരായവരില്‍ ഒരു എസ്.ഐയും ഉള്‍പ്പെടും. താനെ പോലീസ് ജോയിന്റ് കമ്മീഷണറാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി ഉത്തരവിട്ടത്. അതേസമയം ഇവരുടെ പേരുകള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കവര്‍ച്ചാ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് കസ്‌ക്കര്‍ അറസ്റ്റിലായത്. താനെ സെന്‍ട്രല്‍ ജയിലാണിപ്പോള്‍ തടവില്‍ കഴിയുന്നത്. കോടതി ഉത്തരവ് പ്രകാരം വ്യാഴാഴ്ച കസ്‌ക്കറിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനായി തടവറിയില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് കസ്‌ക്കറിന് പോലീസുകാര്‍ ബിരിയാണിയും സിഗറ്റും എത്തിച്ചു നല്‍കുകയും പ്രത്യേക പരിഗണന നല്‍കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടതോടെ വിവാദമായി. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
നേരത്തേയും പലതവണ കസ്‌ക്കറിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചിട്ടുണ്ടെങ്കിലും ഇത്തവണ പോലീസിന്റെ സാന്നിധ്യത്തില്‍ കസ്‌ക്കര്‍ സിഗരറ്റ് വലിക്കുന്നതും പണം നല്‍കുന്നതും ആദ്യമായാണ് കാണുന്നത്. രാവിലെ ജയിലില്‍ നിന്നു കൊണ്ടു പോയ കസ്‌ക്കറിനെ വൈകീട്ടാണ് തിരിച്ചെത്തിച്ചത്. പതിവ് വൈദ്യ പരിശോധനയ്ക്ക് ഇത്ര നീണ്ട സമയം എടുക്കാറില്ല. സംഭവത്തില്‍ പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.