കൊളംബോ- ശ്രീലങ്കയില്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചതിനു പിന്നാലെ പ്രസിഡന്റ് മൈത്രീപാല സിരിസേന 225 അംഗ പാര്‍ലമെന്റ് ശനിയാഴ്ച നിര്‍ത്തിവച്ചു. നവംബര്‍ 16 വരെ പാര്‍ലമെന്റിന്റെ എല്ലാ യോഗങ്ങളും തടഞ്ഞിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെ ഭൂരിപക്ഷം തെളിയിക്കാനായി കഴിഞ്ഞ ദിവസം അടിയന്തര പാര്‍ലമെന്റ് യോഗം വിളിച്ചിരുന്നു. 2019ലെ വാര്‍ഷിക ബജറ്റ് ചര്‍ച്ചയ്ക്കായി നവംബര്‍ അഞ്ചിന് ചേരാനിരുന്ന സമ്മേളനവും ഇതോടെ മുടങ്ങി. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് പാര്‍ലമെന്റ് നിര്‍ത്തിവച്ചത് സര്‍ക്കാരിന്റെ സാമ്പത്തിക കാര്യങ്ങള്‍ താറുമാറാക്കിയേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുന്നതിന് എല്ലാവരും ശാന്തരായിരിക്കണമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ കാരു ജയസൂരിയ അഭ്യര്‍ത്ഥിച്ചു.
സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും മാധ്യമ സ്വാതന്ത്ര്യത്തെ മാനിക്കണമെന്നും ശ്രീലങ്കയിലെ യുറോപ്യന്‍ യൂണിയന്‍ സ്ഥാനപതിമാരും ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലാന്‍ഡ്, ബ്രിട്ടന്‍ നയതന്ത്രജ്ഞരും ഇരു ചേരിയിലുമുള്ള രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ഇവര്‍ അറിയിച്ചു. കരുത്തനായി മുന്‍ പ്രസിജന്റ് രാജപക്ഷെ പ്രധാനമന്ത്രിയായി വെള്ളിയാഴ്ച അധികാരമേറ്റതിനു പിന്നാലെ അദ്ദേഹത്തിന്റെ അനുയായികള്‍ നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി കോലാഹലമുണ്ടാക്കിയതായും റിപോര്‍ട്ടുകളുണ്ട്.