Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാദങ്ങളിൽ മുഖം നഷ്ടപ്പെട്ട് കേന്ദ്രം  

റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ പോരാട്ടത്തിന്റെ പുതിയ പോർമുഖം തുറക്കുകയാണ്. 
ഓരോ ദിവസം കഴിയുമ്പോഴും കരാറുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ പുറത്തു വരുന്നതും ആരോപണങ്ങൾക്ക് വിശ്വാസ്യത വർധിക്കുന്നതും കേന്ദ്ര സർക്കാരിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്. ആരോപണങ്ങളുടെ മുന നീളുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നേരേയാണെന്നതു ബി.ജെ.പിയെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. മറുഭാഗത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്നത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇതെന്നാണ്  പ്രതിപക്ഷത്തിന്റെ ആരോപണം. 1989 ലെ പൊതു തെഞ്ഞെടുപ്പിനു മുമ്പ് ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കി മറിച്ച ബൊഫോഴ്‌സ് അഴിമതി ആരോപണം 64 കോടി രൂപയുടേതായിരുന്നെങ്കിൽ റഫാൽ  ആരോപണം അറുപതിനായിരം കോടി രൂപയുടേതാണ്.
ഫ്രാൻസിലെ  യുദ്ധവിമാന നിർമാണക്കമ്പനിയായ ദസോ നിർമിക്കുന്ന ഇരട്ട എൻജിനുള്ള വിമാനമാണ് റഫാൽ.  ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായിരുന്ന മിഗ്, മിറാഷ് ശ്രേണികളിൽപെട്ട യുദ്ധവിമാനങ്ങൾ കാലഹരണപ്പെടുകയും ആധുനികവൽക്കരണം അനിവാര്യമാകുയും ചെയ്ത സാഹചര്യത്തിലാണ് യു.പി.എ സർക്കാരിന്റെ കാലത്തു പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ പ്രത്യേക താൽപര്യപ്രകാരം അത്യാധുനിക ശേഷിയുള്ള യുദ്ധവിമാനങ്ങൾ വിദേശത്തുനിന്നു വാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും കമ്പനികളെ മറികടന്നാണ് 2012 ൽ സുതാര്യമായ രീതിയിൽ ദസോയെ യു.പി.എ സർക്കാർ തെരഞ്ഞെടുത്തത്.
മറ്റു കമ്പനികൾ ക്വാട്ട് ചെയ്തതിലും കുറഞ്ഞ തുകയ്ക്കു വിമാനം കൈമാറാമെന്ന ദസോയുടെ വാഗ്ദാനമാണ് റഫാലിനെ പരിഗണിക്കാൻ യു.പി.എ സർക്കാരിനെ പ്രേരിപ്പിച്ചത്. 126 വിമാനം വാങ്ങാനായിരുന്നു ധാരണയെങ്കിലും അന്തിമ കരാറിലേക്കെത്തിയില്ല. 
18 പോർവിമാനം നേരിട്ടു വാങ്ങാനും പോർവിമാനം നിർമിച്ച് മുൻപരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) 108 വിമാനം നിർമിക്കാനുമായിരുന്നു ധാരണ. വിമാനങ്ങളുടെ ആയുഷ്‌കാല പരിപാലന വ്യവസ്ഥകളെക്കുറിച്ചുണ്ടായ തർക്കമാണ് കരാറിന് അന്നു തടസ്സമായത്. 
യു.പി.എ സർക്കാരിന്റെ കാലത്തു പൂർത്തിയാകാത്ത കരാറിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015 ൽ ഫ്രാൻസ് സന്ദർശിച്ചപ്പോൾ വീണ്ടും ചർച്ചയുണ്ടായി. എന്നാൽ 36 റഫാൽ വിമാനം വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അപ്രതീക്ഷിതമായി ഏപ്രിൽ പത്തിനു പ്രഖ്യാപിച്ചു. ഇതിന്റെ  അടിസ്ഥാനത്തിൽ 2016 സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ് ഇത്രയും  വിമാനങ്ങൾ വാങ്ങുന്നതിന് 59,000 കോടി രൂപയുടെ കരാറിൽ ഫ്രാൻസുമായി ഇന്ത്യ ഒപ്പുവെച്ചത്. 
ഇതേത്തുടർന്ന് ഒക്‌ടോബറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡും ഫ്രഞ്ച് കമ്പനിയായ ദസോയും ചേർന്ന് റിലയൻസ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചു. ഇതിൽ  റിലയൻസിന് 51 ശതമാനം ഓഹരിയും ദസോയ്ക്ക്  49 ശതമാനം ഓഹരിയുമാണുണ്ടായിരുന്നത്. 30,000 കോടി രൂപയുടെ അനുബന്ധ കരാറാണ്  പുതിയ സംരംഭത്തിന് ലഭിച്ചത്. 
കൂടാതെ വിമാനക്കരാറിൽ നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാൻഡോയും ഒപ്പിട്ടതിന്റെ തൊട്ടടുത്ത ദിവസം ഒലാൻഡോയുടെ പങ്കാളിയായ നടി ജൂലി ഗയറ്റുമായി ചേർന്നു സിനിമ നിർമിക്കാൻ അനിൽ അംബാനിയുടെ റിലയൻസ് എന്റർടൈൻമെന്റ് കരാർ ഒപ്പിട്ടതു നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ട്. 
ഒപ്പുവെച്ച വിവരം പുറത്തു വന്ന ഉടൻ തന്നെ കരാറിനെതിരേ കോൺഗ്രസ് രംഗത്തു വന്നിരുന്നു. 2012 ൽ യു.പി.എ സർക്കാരുണ്ടാക്കിയ ധാരണയിൽനിന്നു വ്യത്യസ്തമായി യുദ്ധവിമാനങ്ങൾക്കു നൽകുന്ന തുക വളരെ കൂടുതലാണെന്നായിരുന്നു കോൺഗ്രസിന്റെ പ്രധാന ആരോപണം. 
കരാർ വിവരങ്ങൾ പുറത്തു വിടണമെന്ന് അവർ ആവശ്യപ്പെട്ടു. പക്ഷേ, ഈ ആവശ്യം തള്ളിയ സർക്കാർ, വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഉഭയകക്ഷി കരാർ നിരവധി രഹസ്യ രേഖകളും വിവരങ്ങളും ഉൾക്കൊള്ളുന്നതാണെന്നു വാദിച്ചു. 2008 ൽ ഇരു രാജ്യങ്ങളും ഏർപ്പെട്ട കരാർ മൂലമാണ് ഇടപാടിലെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും നിലപാട്. 
യുദ്ധവിമാന നിർമാണ മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത റിലയൻസ് ഡിഫൻസ് ലിമിറ്റഡിനെ ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ പങ്കാളിയായി തെരഞ്ഞെടുത്തതിൽ വൻ അഴിമതിയുണ്ടെന്നായിരുന്നു മറ്റൊരു പ്രധാന ആരോപണം. 
യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാർ ഒപ്പുവെയ്ക്കുന്നതിന് ഏതാനും ദിവസം മുമ്പു മാത്രമാണ് ഈ കമ്പനി രൂപീകരിച്ചതെന്ന ഗുരുതര ആരോപണവും കോൺഗ്രസ് ഉയർത്തി.  മോഡിക്കൊപ്പം അനിൽ അംബാനിയുമുണ്ടായിരുന്നു എന്ന ആരോപണവും വൻ വിവാദം സൃഷ്ടിച്ചു.
അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനെ ഇന്ത്യൻ സർക്കാരാണ് ശുപാർശ ചെയ്തതെന്നും അത് അംഗീകരിക്കുകയല്ലാതെ ഫ്രാൻസിന് മുമ്പിൽ മറ്റു മാർഗങ്ങളില്ലായിരുന്നു എന്നുമുള്ള മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോ ഒലാൻഡോയുടെ വെളിപ്പെടുത്തൽ വന്നതോടെ  റഫാൽ  വിമാനക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആളിക്കത്തുകയാണ്. സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായ നിലപാടാണെടുക്കുന്നത്.  
ഇടപാട് വിവാദമാകുന്നത് ഇക്കാരണങ്ങളാലാണ്-1. ഫ്രാൻസിൽനിന്ന് 36 പോർ വിമാനം വ്യോമസേനയ്ക്കായി വാങ്ങാൻ നരേന്ദ്ര മോഡി തീരുമാനിച്ചതു പ്രകാരം ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യൻ പങ്കാളിയായ റിലയൻസിന് ഇതുവഴി 30,000 കോടി രൂപയുടെ കരാറാണ് ലഭിച്ചത്. ഇതിൽ വൻ അഴിമതിയുണ്ട്. 2. 18 വിമാനങ്ങൾ നേരിട്ട് വാങ്ങാനും 108 പോർ വിമാനങ്ങൾ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ (എച്ച്.എ.എൽ) നിർമിക്കാനുമാണ് യു.പി.എ സർക്കാർ തീരുമാനിച്ചതെങ്കിൽ ഇതിനു പകരം 36 വിമാനം കൂടിയ വിലയ്ക്ക് വാങ്ങാനായിരുന്നു പ്രധാനമന്ത്രി തീരുമാനിച്ചത്. 126 ൽനിന്ന് 36 വിമാനം എന്നാക്കിയെങ്കിലും മുമ്പ് ക്വാട്ട് ചെയ്ത തുകയിൽ ഇളവ് കാണുന്നില്ല. ഇത് അഴിമതിയല്ലേ?  3. യുദ്ധവിമാന നിർമാണത്തിൽ മുൻപരിചയമുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനു പകരം റിലയൻസിന്റെ ആയുധ നിർമാണക്കമ്പനിക്ക് കരാർ നൽകിയത് എന്തിന്? 4. കരാർ വഴി ബി.ജെ.പിക്കും റിലയൻസിനുമുണ്ടായ വൻ സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് എന്താണു പറയാനുള്ളത്? 5. മോഡിക്കൊപ്പം അനിൽ അംബാനിയും ഫ്രാൻസിൽ ഉണ്ടായിരുന്നത് അഴിമതിയിൽ തുല്യ പങ്കാളിത്തമുണ്ടെന്നതിന്റെ തെളിവല്ലേ? എന്നിവയാണ് പ്രധാനപ്പെട്ട ആരോപണങ്ങൾ:  
ഈ ചോദ്യങ്ങൾ അവശേഷിക്കുമ്പോഴും ഒരു കാര്യം ഉറപ്പാണ്. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഫാൽ ഇടപാട് കത്തിക്കയറും. 
 

Latest News