ന്യുദല്‍ഹി- ബി.ജെ.പി ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന 1984 ബാച്ച് ഇന്ത്യന്‍ റെവന്യൂ സര്‍വീസ് ഓഫീസര്‍ സജ്ഞയ് മിശ്രയെ കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയില്‍ നിയമിച്ചു. പുതിയ ഡയറക്ടര്‍ നിയമിക്കപ്പെടുന്നതു വരെ ഇടക്കാല മേധാവിയുടെ അധിക ചുമതലയും മൂന്ന് മാസത്തേക്ക് നല്‍കിയിട്ടുണ്ട്. മന്ത്രിസഭയുടെ നിയമനകാര്യ സമിതിയുടെ അനുമതിയോടെയാണ് ഈ നിയമനമെന്ന് ശനിയാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. നിലവില്‍ ആദായ നികുതി വകുപ്പില്‍ ഉന്നത പദവി വഹിച്ചു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണിലുണ്ണി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത് കേഡല്‍ ഐ.പി.എസ് ഓഫീസര്‍ രാകേഷ് അസ്താനയെ ചൊല്ലി സി.ബി.ഐയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കത്തി നില്‍ക്കെയാണ് ബി.ജെ.പിയോട് അടുപ്പമുള്ള സജ്ഞയ് മിശ്ര മറ്റൊരു അന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് നിയമിക്കപ്പെട്ടിരിക്കുന്നത്.
സംശയകരമായ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന പരമോന്നത ഏജന്‍സിയായ ഇ.ഡിയെ ഉപയോഗപ്പെടുത്തി ബി.ജെ.പി നേതൃത്വത്തിലുള്ള മോഡി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. ഇതു ശരിവയ്ക്കുന്നതാണ് സജ്ഞയ് മിശ്രയുടെ നിയമനവും. കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കിയ വിവാദമായ പല കേസുകളിലും അന്വേഷണ ചുമതലയിലുണ്ടായിരുന്ന ആളാണ് മിശ്ര. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരായ നാഷണല്‍ ഹെറള്‍ഡ് കേസ്, ബി.എസ്.പി അധ്യക്ഷ മായാവതിക്കെതിരായ സ്വത്ത് സമ്പാദന കേസ്, എന്‍.ഡി.ടി.വി നികുതി കേസ് എന്നിവയിലെല്ലാം മിശ്ര അന്വേഷണ ഉദ്യോഗസ്ഥനാണ്. നിലവില്‍ ആദായ നികുതി വകുപ്പില്‍ ഡിവിഷന്‍-4 കമ്മീഷണറാണ് മിശ്ര.