Sorry, you need to enable JavaScript to visit this website.

എന്‍.സി.പി വിട്ട താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

ന്യുദല്‍ഹി- വിവാദ റഫാല്‍ ഇടപാടില്‍ എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ പാര്‍ട്ടി വിട്ട എന്‍.സി.പി സ്ഥാപക നേതാക്കളില്‍ ഒരാളായ താരിഖ് അന്‍വര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തി. 19 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസിലേക്കുള്ള അന്‍വറിന്റെ തിരിച്ചു വരവ്. നേരത്തെ മാതൃപാര്‍ട്ടിയിലേക്ക് അന്‍വറിനെ സ്വാഗതം ചെയ്യുന്നതായി കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ബിഹാറിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവായിരുന്നു ഒരു കാലത്ത് അന്‍വര്‍. 80കളില്‍ ബിഹാറിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന അന്‍വര്‍ ദീര്‍ഘകാലം കത്തിഹാറില്‍ നിന്നുള്ള എം.പിയുമായിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേയും ആര്‍ജെഡിയുടേയും പിന്തുണയിലാണ് കത്തിഹാറില്‍ നിന്ന് ജയിച്ചത്. ഈ ലോക്‌സഭാംഗത്വവും അന്‍വര്‍ കഴിഞ്ഞ മാസം രാജിവച്ചിരുന്നു. 

1980ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാണ് കത്തിഹാറില്‍ നിന്ന് അദ്ദേഹം ആദ്യമായി ലോക്‌സഭയിലെത്തിയത്. അന്ന് പ്രായം വെറും 29 വയസ്സായിരുന്നു. 1984, 1996, 1998 വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിച്ചു. പിന്നീട് എന്‍.സി.പി രൂപീകരിച്ച ശേഷം മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം.പിയുമായി. 2012ല്‍ യുപിഎ സര്‍ക്കാരില്‍ കൃഷി, ഭക്ഷ്യസംസ്‌ക്കര സഹമന്ത്രിയായിരുന്നു.

സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായതില്‍ പ്രതിഷേധിച്ച 1999-ലാണ് ശരത് പവാര്‍, സാംഗ്മ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് അന്‍വര്‍ എന്‍.സി.പി രൂപീകരിച്ചത്. സോണിയയുടെ വിദേശ വംശജ ആയതാണ് അവരുടെ കടുത്ത വിയോജിപ്പിനു കാരണം. എങ്കിലും ഏറെ താമസിയാതെ എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം ചേര്‍ന്നു. 

സീതാറാം കേസരി കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോള്‍ താരിഖ് അന്‍വര്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. കേസരിയോട് ഏറെ അടുപ്പമുള്ളയാളുമായിരുന്നു. കേസരിയെ മാറ്റിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയ ഒരേ ഒരാളും അന്‍വറായിരുന്നു.
 

Latest News