Sorry, you need to enable JavaScript to visit this website.

സുഹൃത്തിനെ കൊന്ന് വെട്ടിനുറുക്കി, രക്ഷപ്പെടാന്‍ സ്വന്തം ഭാര്യയേയും കൊന്നു; വയോധികന്റെ പദ്ധതി പാളിയത് ഇങ്ങനെ

ഗുഡ്ഗാവ്- നല്‍കിയ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ബിസിനസ് പങ്കാളിയെ കൊന്ന് വെട്ടിനുറുക്കി ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുഡ്ഗാവ് സ്വദേശിയായ വയോധികന്‍ സ്വന്തം ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി 76കാരനായ ഹര്‍നെക് സിങ് ധിലനെ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് 40 ലക്ഷം രൂപ തരാനുള്ള ബിസിനസ് പങ്കാളി ജസ്‌കരണ്‍ സിങിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച സംഭവം പുറത്താകുമെന്ന ഭയമാണ് സ്വന്തം ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. 

ബുധനാഴ്ചയാണ് ധില്ലന്‍ അറസ്റ്റിലായത്. ഇതിനു നാലു ദിവസം മുമ്പാണ് ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേയ്‌സ്-2വിലെ വീട്ടില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ധില്ലനേയും ഭാര്യയേയും പോലീസ് കണ്ടെത്തിയത്. താനും ഭാര്യയും ആത്മഹത്യാ ശ്രമം നടത്തിയെന്ന് ധില്ലന്‍ ഒരു ബന്ധുവിനെ വിളിച്ച് അറിയിച്ചിരുന്നു. വിവരമറിഞ്ഞെത്തി പോലീസ് ഇരുവരേയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഭാര്യ ഗുര്‍മെഹര്‍ മരിക്കുകയായിരുന്നു. അറസ്റ്റിലായ ധില്ലനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ബിസിനസ് പങ്കാളി ജസ്‌കരണിനെ കൊലപ്പെടുത്തിയ കുറ്റം സമ്മതിച്ചത്.

40 ലക്ഷം രൂപ തിരികെ നല്‍കാന്‍ കൊല്ലപ്പെട്ട ജസ്‌കരണ്‍ വിസമ്മതിച്ചിരുന്നു. ഒക്ടോബര്‍ 14ന് തന്റെ വീട്ടിലെത്തിയ ജസ്‌കരണിനെ അടിപിടിക്കിടെ ധിലന്‍ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം 25 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി രണ്ടു പ്ലാസ്റ്റിക് കവറുകളിലാക്കി. പിന്നീട് കാറില്‍ ലുധിയാനയിലേക്കു തിരിക്കുകയും പോകുന്ന വഴിയില്‍ ആളൊഴിഞ്ഞ ഇടങ്ങളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ പ്രതി ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഈ സംഭവത്തിനു ശേഷം പോലീസ് പിടിയിലായേക്കുമെന്ന് ധിലന്‍ ഭയപ്പെട്ടിരുന്നു. പോലീസ് ധിലനെ ചുറ്റിപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ മാനസിക സമ്മര്‍ദ്ദത്തിലായി. 

വീട്ടില്‍ നടന്ന അടിപിടി സംബന്ധിച്ച് അയല്‍ക്കാര്‍ പോലീസിനു മൊഴി നല്‍കിയേക്കുമെന്ന് ഭയന്ന ഭാര്യ പോലീസിനോട് കുറ്റം സമ്മതിക്കാന്‍ ധിലനോട് നിര്‍ദേശിച്ചു. ഇതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമായി. 72കാരിയായ ഭാര്യ ഗുര്‍മെഹര്‍ കൊലപാതകം പോലീസിനോട് വെളിപ്പെടുത്തുമെന്ന സംശയിച്ച ധിലന്‍ ഒക്ടോബര്‍ 22ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഇതൊരു ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനും ധിലന്‍ പദ്ധതിയിട്ടു. ഇതിനായി തന്റേയും ഭാര്യയുടേയും പേരില്‍ ആത്മഹത്യാ കുറിപ്പുകളും എഴുതിവച്ചിരുന്നു. 

വയോധികനായ ധിലന്‍ ക്രൂരമായ കൊലപാതകം നടത്തിയതറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അയല്‍ക്കാര്‍. 1979ല്‍ ലുധിയാനയിലെ ഒരു കൊലപാതക കേസിലും ധിലന്‍ പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.


 

Latest News