ബുറൈദ- ബിനാമി ബിസിനസ് നടത്തിയ കേസിൽ രണ്ടു പാക്കിസ്ഥാനികളെയും ഒരു സുഡാനിയെയും കോടതി ശിക്ഷിച്ചു. അൽഖസീം പ്രവിശ്യയിലെ ഉനൈസയിൽ ഈത്തപ്പഴ ബിസിനസ് മേഖലയിൽ സ്വന്തം നിലക്ക് പ്രവർത്തിച്ച പാക്കിസ്ഥാനികളായ മുഹമ്മദ് ആരിഫ് കാലു, വസീം അബ്ബാസ് ഇസ്ലാം, സുഡാനി സ്വലാഹ് വദാഅ മുഹമ്മദ് എന്നിവരെയാണ് ബുറൈദ ക്രിമിനൽ കോടതി ശിക്ഷിച്ചത്. മൂവർക്കും പിഴ ചുമത്തിയ കോടതി ശിക്ഷ പൂർത്തിയാക്കിയ ശേഷം നിയമ ലംഘകരെ നാടു കടത്തുന്നതിനും ഉത്തരവിട്ടു.
പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. പാക്കിസ്ഥാനികളും സുഡാനിയും നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും അവരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
അൽഖസീം പ്രവിശ്യയിലെ ഈത്തപ്പന തോട്ടങ്ങളിൽ നിന്ന് നേരിട്ട് ഈത്തപ്പഴം ശേഖരിച്ച് ഉനൈസയിലെ സെൻട്രൽ മാർക്കറ്റിൽ വിൽപന നടത്തുകയാണ് നിയമ ലംഘകർ ചെയ്തിരുന്നത്. ബുറൈദയിലെയും ഉനൈസയിലെയും ഈത്തപ്പഴ കടകളിലും മാർക്കറ്റുകളിലും വാണിജ്യ, നിക്ഷേപ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പാക്കിസ്ഥാനികളും സുഡാനിയും സ്വന്തം നിലക്ക് ഈത്തപ്പഴ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് പാക്കിസ്ഥാനികൾക്കും സുഡാനിക്കും എതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് ബിനാമി ബിസിനസ് വിരുദ്ധ നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവർക്ക് ഒത്താശകൾ ചെയ്തു കൊടുക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ നാടു കടത്തുകയും ചെയ്യും. ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, വാണിജ്യ വഞ്ചനയും സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മയും വർധിക്കുന്നതിന് പ്രധാന കാരണമായ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ശക്തമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി, ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് ആറിന പദ്ധതി നടപ്പാക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം നീക്കം തുടങ്ങിയിട്ടുണ്ട്. ബാങ്ക് അക്കൗുകൾ തുറക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കൽ, മുഴുവൻ ഇടപാടുകളും ബില്ലുകൾ വഴിയാക്കുന്നതിന് നിർബന്ധിക്കൽ, ഉപയോക്താക്കൾക്ക് നൽകുന്ന സേവന നിലവാരം ഉയർത്തൽ, ബിനാമി വിരുദ്ധ മേഖലയിൽ വ്യത്യസ്ത വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കൽ, സ്വദേശിവൽക്കരണം, വാണിജ്യ മേഖലയിൽ നീതിപൂർവമായ മത്സരം ഉറപ്പുവരുത്തൽ, നിയമ വിരുദ്ധ ബിസിനസുകളെ കുറിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി ഓരോ മേഖലയിലെയും ബിനാമി പ്രവണതക്ക് പരിഹാരം കാണുന്നതിന് പ്രത്യേകം പ്രത്യേകം നടപടിയെടുക്കൽ എന്നിവയാണ് ബിനാമി പ്രവണത അവസാനിപ്പിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം സ്വീകരിക്കുക. നിയമ ലംഘനങ്ങളിൽ നിന്ന് വിമുക്തമായ, നിയമാനുസൃത ബിസിനസ് സാഹചര്യം ഉണ്ടാക്കിയെടുക്കുന്നതിനും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിന് സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനുമാണ് ഇതിലൂടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ കംപ്ലയിന്റ്സ് സെന്ററിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. നിയമ ലംഘനങ്ങളെ കുറിച്ച് പരാതികൾ നൽകുന്നതിന് മന്ത്രാലയം ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ബിനാമി ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിക്കുന്നവർക്ക് മന്ത്രാലയം പാരിതോഷികം നൽകുന്നുണ്ട്.
നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 30 ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക.