അമ്മാന്‍-ജോര്‍ദാനില്‍ ചാവുകടല്‍ തീരപ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. രാജ്യത്ത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെട്ട ഏറ്റവും വലിയ ദുരന്തമാണിതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രക്ഷപ്പെട്ടവര്‍ക്കായി ഇന്ന് രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ജോര്‍ദാന്‍ താഴ്‌വരയിലെ പാറക്കെട്ടുകളില്‍ മണം പിടിക്കുന്ന നായ്ക്കളെ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. ഹെലിക്കോപ്റ്ററുകളും രക്ഷാദൗത്യത്തിന് ഉപയോഗിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് 12 വയസ്സായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കൂടുതല്‍ പേരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയരക്ടര്‍ ജനറല്‍ മുസ്തഫ അല്‍ ബസയ്ഹ് പറഞ്ഞു. വ്യാഴാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ 13 പേരും സ്‌കൂള്‍ കുട്ടികളാണ്. പരിക്കേറ്റ 40 പേരില്‍ 26 പേരും കുട്ടികളാണെന്ന് അധികൃതര്‍ പറഞ്ഞു.