Sorry, you need to enable JavaScript to visit this website.

ഭാര്യയെ കൊന്ന് ആള്‍മാറാട്ടത്തിലൂടെ 15 വര്‍ഷം ഒളിവില്‍ സുഖജീവിതം; മുങ്ങിനടന്ന യുവാവ് വലയിലായത് ഇങ്ങനെ

അഹമദാബാദ്- പതിനഞ്ചു വര്‍ഷം മുമ്പ് ഒരു പ്രണയ ദിനത്തില്‍ ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അഹമദാബാദില്‍ നിന്ന് മുങ്ങിയ യുവാവ് ഒടുവില്‍ ബംഗളുരുവില്‍ പോലീസിന്റെ വലയിലായി. 42-കാരനായ തരുണ്‍ ജിനരാജ് ആണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ മൂന്ന് മാസം മാത്രം ഒരുമിച്ച് കഴിഞ്ഞ ശേഷമാണ് തരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെ മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീര്‍ത്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് തരുണ്‍ മുങ്ങിയത്. ഇയാള്‍ പേരും ഊരുമെല്ലാം മാറ്റിപ്പറഞ്ഞ് ആള്‍മാറാട്ടം നടത്തിയ ശേഷം മറ്റൊരു വിവാഹം ചെയ്ത് കഴിഞ്ഞ ആറു വര്‍ഷമായി ബംഗളുരുവില്‍ രണ്ടാം ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ജീവിച്ചു വരികയായിരുന്നു. അഹമബദാബാദ് പോലീസ് ഇയാളെ പിടികൂടി ബംഗളുരുവില്‍ നിന്നും അഹമദാബാദിലെത്തിച്ചു. 

2003 ഫെബ്രുവരി 14-നാണ് ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ സജിനിയെ തരുണ്‍ കഴുത്ത് ഞെരിച്ച് കൊന്നത്. വിവാഹത്തിനു മുമ്പ് താന്‍ പ്രണയിച്ചിരുന്ന യുവതിക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. തരുണ്‍ അഹമദാബാദിലെ ഒരു സ്‌കൂളില്‍ ബാസ്‌കെറ്റ് ബാള്‍ കോച്ചായി ജോലി ചെയ്തു വരികയായിരുന്നു. കൊലപാതകം അന്വേഷണത്തിനിടെ പോലീസിന്റെ സംശയം തനിക്കു നേരെ നീളുന്നതായി മനസ്സിലാക്കിയതോടെയാണ് തരുണ്‍ മുങ്ങിയത്. മരിച്ച ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപ പിന്‍വലിച്ചാണ് തരുണ്‍ പോയത്. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. പല സംഘങ്ങളായി പോലീസ് അരിച്ചു പെറുക്കിയെങ്കിലും 15 വര്‍ഷത്തിനിടെ എവിടെയും കണ്ടെത്താനായില്ല. എന്നാല്‍ തരുണിന്റെ ബന്ധുക്കളെ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

മധ്യപ്രദേശിലെ മന്ദസോറിലുള്ള തരുണിന്റെ അമ്മ അന്നമ്മ ചാക്കോയെ ഈയിടെ പോലീസ് കണ്ടെത്തുകയും ഇവരെ വീട്ടില്‍ ചെന്ന് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അയല്‍ക്കാരില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ആരാഞ്ഞത്. അന്നമ്മയ്ക്ക് രണ്ട് മക്കളുണ്ടെന്ന് പോലീസ് ഇങ്ങനെയാണ് അറിഞ്ഞത്. അന്നമ്മ ഇടയ്ക്കിടെ കേരളത്തിലേക്കും ബംഗളുരുവിലേക്കും പോകാറുള്ളതായും പോലീസ് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേരളത്തിലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തിലാണ് ഇവര്‍ എത്താറുള്ളതെന്ന് മനസ്സിലായി. ബംഗളൂരുവിലെ ഒറാക്ക്ള്‍ കമ്പനിയുടെ ലാന്‍ഡ് ഫോണില്‍ നിന്നും നിഷ എന്ന പേരില്‍ രജിസറ്റര്‍ ചെയ്ത ഒരു മൊബൈല്‍ നമ്പറില്‍ നിന്നും അന്നമ്മയ്ക്ക് കോളുകള്‍ വരുന്നതായും പോലീസ് നിരീക്ഷിച്ചു കണ്ടെത്തി. ഇതോടെയാണ് പോലീസ് ബംഗളുരുവിലെ വിലാസത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയത്. ബംഗളുരൂവിലെത്തിയ പോലീസ് ഒറാക്ക്‌ളില്‍ ചെന്ന് തരുണ്‍ ജിനരാജ് എന്ന പേരുള്ള ജീവനക്കാരനുണ്ടോ എന്നന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

പിന്നീട് അന്നമ്മയെ വിളിക്കാറുള്ള നിഷയെ സംബന്ധിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. പ്രവീണ്‍ ബട്ടാലിയ എന്നയാളുടെ ഭാര്യയാണ് നിഷ എന്നാണ് കണ്ടെത്തിയത്. ഉടന്‍ ഈ പേരില്‍ ഒരു ജീവനക്കാരനുണ്ടോ എന്ന് പോലീസ് വീണ്ടും ഒറക്ക്‌ളില്‍ അന്വേഷിച്ചപ്പോഴാണ് കള്ളി പൊളിഞ്ഞത്. തന്റെ പഴയൊരു സഹപാഠിയുടെ പേരായ പ്രവീണ്‍ ബട്ടാലിയ എന്ന പേരിലാണ് തരുണ്‍ ഒറക്ക്‌ളില്‍ ജോലി ചെയ്തിരുന്നത്. പുതിയ പേരില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തരുണ്‍ കോള്‍ സെന്ററില്‍ ജോലി തരപ്പെടുത്തിയിരുന്നത്. ബംഗളുരുവിലേക്ക് വരുന്നതിനു മുമ്പ് പൂനെയിലായിരുന്നു. ഇവിടെ വച്ചാണ് നിഷയെ കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും. തന്റെ മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതാണെന്നും ഒറ്റയ്ക്ക് വളര്‍ന്നതാണെന്നുമായിരുന്നു നിഷയോട് തരുണ്‍ പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ ബംഗളുരുവില്‍ കാണാനെത്തുമ്പോള്‍ തന്റെ അമ്മാവനും അമ്മായിയുമാണെന്നാണ് നിഷയോട് പറഞ്ഞിരുന്നതെന്നും പോലീസ് കണ്ടെത്തി.
 

Latest News