പ്രതികള്‍ ഹാജരായില്ല
മുംബൈ- മാലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റം ചുമത്തുന്നത് എന്‍.ഐ.എ പ്രത്യേക കോടതി ഈ മാസം 30 ലേക്ക് മാറ്റി. 2008 ല്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കുറ്റം ചുമത്തുന്നത് മാറ്റിവെച്ചത്.
ഒക്ടോബര്‍ 30-ന് എല്ലാ പ്രതികളും ഹാജരാകുമെന്ന് ഉറപ്പുവരുത്താന്‍ കോടതി പ്രതിഭാഗം അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി. കേസില്‍ വാദം കേള്‍ക്കുന്നത് വേഗത്തിലാക്കാന്‍ ബോംബെ ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ലഫ്. കേണല്‍ പ്രസാദ് പുരോഹിതിന്റെ അപ്പീല്‍ ഹരജിയില്‍ ഈ മാസം 29-ന് ഹൈക്കോടതി വാദം കേള്‍ക്കുന്നുണ്ട്. യുഎപിഎ ചുമത്തിയതിനെതിരായാണ് പുരോഹിത് ഹൈക്കോടതിയെ സമീപിച്ചത്. പുരോഹിതിനെ യു.എ.പി.എയുടെ അടിസ്ഥാനത്തില്‍ വിചാരണം ചെയ്യുന്നത് എന്‍.ഐ.എ കോടതി നേരത്തെ ശരിവെച്ചിരുന്നു. 2008 സെപ്റ്റംബര്‍ 29ന് മഹാരാഷ്ട്രയിലെ മുസ്്‌ലിം ഭൂരിപക്ഷ പട്ടണമായ മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2008 നവംബറിലാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് 11 പേരെ അറസ്റ്റ് ചെയ്തത്. 2011 ഏപ്രിലില്‍ അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു.